ഭിന്നശേഷിക്കാരിയുടെ വീട്ടിൽ സിപിഎമ്മുകാരൻ്റെ കൊലവിളിയും അക്രമവും

News Desk


 നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരിയായ യുവതിയുടെ വീടിന് നേരേ സിപിഎം പ്രവർത്തകൻ്റെ ആക്രമണവും കൊലവിളിയും. നെയ്യാറ്റിൻകര  മുട്ടയ്ക്കാട് മുള്ളറവിള  കരിപ്രക്കോണം മലങ്കര ചർച്ചിന് സമീപം ഇടവഴിക്കര വീട്ടിൽ സൈമൻ്റെ വീട്ടിൽ ബുധനാഴ്ച്ചയാണ്  സമീപവാസിയും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഗ്രേസ്നയുടെ ഭർത്താവ്  സാജൻ മദ്യലഹരിയിൽ  അതിക്രമിച്ച് കയറി വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. കുരിശടി ആക്രമണം, കത്തിക്കുത്ത് അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസിൽ ഭരണ സ്വാധീനത്തിൽ സംരക്ഷണം കിട്ടി നാട്ടിൽ കത്തിയുമായി വിലസുകയാണ് സാജൻ. ബുധനാഴ്ച്ച  രാത്രി സംഭവം നടന്ന സമയം തന്നെ പോലീസിൽ അറിയിച്ചു. നെയ്യാറ്റിൻകര  പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും പ്രതിയുടെ വീടിന് മുന്നിൽ വച്ചിരുന്ന ചൊങ്കൊടികൾ കണ്ടപ്പോൾ നടപടിയില്ലാതെ മടങ്ങി എന്നാണ് ഉയരുന്ന ആരോപണം. തൻ്റെ കോഴിയെ സൈമൻ്റെ വീട്ടുകാർ ഇപദ്രവിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. സാജൻ സൈമൻ്റെ സമീപവാസി കൂടിയാണ്‌. ഇയാൾ മതിൽ തകർക്കുകയും, വാഴകൾ നശിപ്പിക്കുകയും, മരങ്ങളിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയും ചെയ്തശേഷം വളർത്തുമൃഗമായ കാളയെ വെട്ടിക്കൊല്ലുമെന്ന് ഭീക്ഷണി ഉയർത്തുകയും ചെയ്തു. ഈ സമയം സൈമണും ഭാര്യയും ഭിന്നശേഷിക്കാരിയായ മകളും, മക്കളായ അനീഷും അജീഷും വീട്ടിലുണ്ടായിരുന്നു. 


മുള്ളറവിള കരിപ്രക്കോണത്ത് ഭിന്നശേഷിക്കാരിയായ യുവതിയുടെ വീട്ടിലെ മതിൽ സിപിഎം പ്രവർത്തകൻ സാജൻ തകർത്ത നിലയിൽ