നെയ്യാറ്റിൻകര മോഹന ചന്ദ്രൻ അനുസ്മരണം നടത്തി
നെയ്യാറ്റിൻകര മോഹന ചന്ദ്രൻ്റെ സ്മാരകം കാലവിളംബമില്ലാതെ യാഥാർഥ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഡി.സുരേഷ് കുമാർ ആവശ്യപ്പെട്ടു. ജാതി വിവേചനം ഉണ്ടായിരുന്ന കാലത്ത് നെയ്യാറ്റിൻകര മോഹനചന്ദ്രനെയും നെയ്യാറ്റിൻകര വാസുദേവനെയും സ്വവസതിയിൽ ഒരുമിച്ചിരുത്തി സംഗീതം പഠിപ്പിക്കാൻ തയ്യാറായ മോഹനചന്ദ്രൻ്റെ മാതാവിൻ്റെ പങ്ക് ശ്രദ്ധേയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി ചരിത്ര പുരുഷന്മാരാൽ സമ്പന്നമാണ് നെയ്യാറ്റിൻകരയെന്ന് അഡ്വ. ഡി. സുരേഷ് കുമാർ പറഞ്ഞു. വിശ്രുത സംഗീതജ്ഞനായ നെയ്യാറ്റിൻകര മോഹനചന്ദ്രൻ്റെ ഇരുപതാമത് ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്വദേശാഭിമാനി കൾച്ചറൽ സെൻ്ററും നിംസ് ലിറ്റററി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മോഹനചന്ദ്രൻ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡീ .സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ സ്വദേശാഭിമാനി കൾച്ചറൽ സെൻ്റർ ചെയർമാൻ അഡ്വ.കെ. വിനോദ് സെൻ അധ്യക്ഷത വഹിച്ചു.നിംസ് എം ഡി. ഡോ. ഫൈസൽ ഖാൻ മുഖ്യ പ്രഭാഷണം നടത്തി.കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സുരേഷ്, നെയ്യാറ്റിൻകര കാർഷിക വികസന ബാങ്ക് ചെയർമാൻ അയിര സുരേന്ദ്രൻ, എം . എസ്.മോഹനചന്ദ്രൻ, കാഞ്ഞിരംകുളം ശിവകുമാർ , പൂവറടി കെ.പി.എസ് നമ്പൂതിരി, വിക്രമൻ, ആറാലുംമൂട് ഷിബു, അജയാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മോഹനചന്ദ്രൻ അനുസ്മരണ യുവജനോത്സവ മത്സര വിജയികൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു.