ചൊവ്വാഴ്ച രാവിലെ 10ന് ശുദ്ധ പുണ്യാഹത്തോടെയാണ് ആറ്റുകാലിൽ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്.വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും സഹമേൽശാന്തി അഗ്നി പകർന്നതോടെ 10.30 ന് പൊങ്കാലയ്ക്ക് തുടക്കമായി.
ക്ഷേത്രത്തിൽ നിന്ന് അറിയിപ്പ് ഉണ്ടായതോടെ പരിസരത്തും നഗരത്തിലെങ്ങും പൊങ്കാല കളങ്ങൾ ഒരുങ്ങി. നെയ്പായസം, വെള്ളച്ചോറ്, തെരളി, മണ്ടപ്പുറ്റ് തുടങ്ങിയ നിവേദ്യങ്ങൾ മൺകലങ്ങളിൽ തിളച്ചത്. പിന്നീട് നൈവേദ്യത്തിനായി കാത്തിരുന്നു.
ഉച്ചയ്ക്ക് 2 30ന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്ര പൂജാരി പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിച്ചു. ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 300 പൂജാരിമാർ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പൊങ്കാല നിവേദിച്ചു. ഈ സമയം ആകാശത്തു നിന്ന് ചെറുവിമാനത്തിൽ പുഷ്പവൃഷ്ടിയും ഉണ്ടായി. ഇനി അടുത്ത വർഷ പൊങ്കാലയുടെ കാത്തിരിപ്പിലാണ് ഭക്തർ.
പൊങ്കാല നൈവേദ്യം കഴിഞ്ഞ ഉടൻ തന്നെ തിരുവനന്തപുരം നഗരസഭ ആറ്റുകാൽ പൊങ്കാല ശുചീകരണ പ്രവർത്തനങ്ങൾ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു. ശുചീകരണ പ്രവർത്തനം മേയർ ആര്യ രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. ലക്ഷക്കണക്കിന് ഭക്തരാണ് കോവിഡിനു ശേഷം ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരത്തിൽ എത്തിയത്.
പ്രശസ്തരായ താരങ്ങളും അവരുടെ തിരക്കുകൾ മാറ്റിവെച്ച് പൊങ്കാല ഇടാനായി എത്തിയിരുന്നു.
പൊങ്കാല കഴിഞ്ഞ് അന്ന് രാത്രി 10. 15 ന് ദേവി മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു. വെൺകൊറ്റക്കുട,ആലവട്ടം, വെഞ്ചാമരം എന്നീ രാജകീയ ചിഹ്നങ്ങളോടും സായുധ പോലീസിന്റെയും വാദ്യ മേളത്തിന്റെയും ഫ്ലോട്ടുകളുടെയും അകമ്പടിയോടെയുള്ള ആറ്റുകാൽ ദേവിയുടെ എഴുന്നള്ളത്ത് ഭക്തജനങ്ങൾ കൺകുളിർക്കെ ദർശിച്ചു.
രാത്രി 9. 15ന് കാപ്പഴിച്ച് കുടിയിറക്കിയ ശേഷം രാത്രി 1.00 ന് കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും,
പണ്ടാര അടുപ്പിൽ തീ കൊളുത്തുന്ന സമയത്ത് ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ , വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി , ദേവസ്വം ബോർഡ് മന്ത്രി രാധാകൃഷ്ണൻ , ഗതാഗത മന്ത്രി ആൻറണി രാജു , ശശി തരൂർ എം.പി, രാജ്യസഭ എം.പി റഹീം , കോവളം എം.എൽ.എ എം വിൻസെന്റ് , നഗരസഭ മേയർ ആര്യ രാജേന്ദ്രൻ , ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ , ഡി.ജി.പി അനിൽകാന്ത് , തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുത്തു ,