ഷമീര്‍ ,ഷൈനു എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അനീഷ് എന്ന ആളെ പിടികിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട നഗരത്തിലുള്ള തൈക്കാവ് സര്‍ക്കാര്‍ സ്കൂളിന്റെ ബസ്സിന്റെയും പാചകപ്പുരയുടെയും ഓഫീസ് റൂമിന്റെയും ജനല്‍ ചില്ലുകള്‍ കഴിഞ്ഞ മാസമാണ് എറിഞ്ഞു തകര്‍ക്കപ്പെടുകയുണ്ടായത്.
പൊതുവിദ്യാലയത്തിന്റെ ആസ്തികള്‍ നശിപ്പിക്കപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്കൂളിന് ചുറ്റുമതില്‍ ഇല്ലാത്തതാണ് സാമൂഹ്യവിരുദ്ധര്‍ സ്ഥിരമായി സ്കൂളിന്റെ പരിസരത്ത് കയറി അതിക്രമങ്ങള്‍ കാട്ടുന്നതെന്നുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി സ്കൂളിൽ ഉണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജമാക്കിയതോടെയാണ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഷമീര്‍ ഷൈനു എന്നിവരെ പത്തനംതിട്ട എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതികളുടെ കൂട്ടുകാരനായ അനീഷ് എന്നയാളെ കൂടി പിടികൂടാന്‍ ഉണ്ടെന്നും പോലീസ് അറിയിക്കുന്നു . പ്രതികള്‍ മദ്യലഹരിയിലാണ് സ്കൂളില്‍ അതിക്രമിച്ചുകയറി അക്രമം കാണിച്ചുതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. മൂന്നാമനായി അന്വേഷണം ഊര്‍ജ്ജതമാക്കിയതായും പത്തനംതിട്ട പോലീസ് പറയുന്നു.