മോദിക്കെതിരെ ചോദ്യം ഉയർത്തുന്നവർ ആക്രമിക്കപ്പെടും, ബിബിസിക്ക് സംഭവിച്ചതും അതുതന്നെ: രാഹുല്‍ ഗാന്ധി

WEB DESK


ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചോ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ കുറിച്ചോ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ് ഇന്ന്, എന്ന കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബി ബി സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ നടന്ന നടപടികള്‍ സൂചിപ്പിച്ച് കൊണ്ട് ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ആണ് രാഹുല്‍ ഗാന്ധിയുടെ ഈ പരാമർശം.
മോദിയെ അന്ധമായി പിന്തുണയ്ക്കുന്നവര്‍ക്ക് തിരിച്ചും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് സൂചിപ്പിച്ച് കൊണ്ടായിരുന്നു രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബി ബി സി സംപ്രേഷണം ചെയ്യുകയുണ്ടായത് . ഇതിന് പിന്നാലെ ഇന്ത്യയിലെ ബി ബി സി ഓഫീസില്‍ പരിശോധന നടത്തുകയായിരുന്നു. അതേസമയം അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താനായിരിക്കുമോ എന്ന ചോദ്യത്തിന്, അത് ഇപ്പോൾ ചര്‍ച്ചാ വിഷയമല്ലെന്നും ബി ജെ പിയെയും ആര്‍ എസ് എസിനെയും പരാജയപ്പെടുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഏക ലക്ഷ്യം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ ജനങ്ങളുമായി സംസാരിച്ചാണ് പരിഹരിക്കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി . ഒരാള്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നു എന്ന ആശയം ഉപരിപ്ലവമാണ് എന്നും ഈ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ച ആവശ്യമാണ് എന്നും രാഹുല്‍ വ്യക്തമാക്കുകയുണ്ടായി. പ്രശ്‌ന പരിഹാരത്തിന് നരേന്ദ്ര മോദി ശൈലിയോട് താന്‍ ഒരിക്കലും യോജിക്കുന്നില്ല എന്നും രാഹുല്‍ ഗാന്ധി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

 താന്‍ വിദേശത്ത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ബി ജെ പി ആരോപണത്തിനു എതിരെയും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. വിദേശത്ത് നടത്തിയ പ്രസംഗങ്ങളിലൂടെ ഇന്ത്യയെ മോശമായി കാണിച്ചത് പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പ്രധാനമന്ത്രി വിദേശത്ത് പോയിട്ട് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും രാജ്യം പുരോഗതി കൈവരിച്ചില്ല എന്ന് പറഞ്ഞു. 10 വര്‍ഷം നമുക്ക് നഷ്ടമായി എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയില്‍ പരിധിയില്ലാത്ത അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞതും രാഹുല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ താന്‍ ഒരിക്കലും തന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല എന്നും തനിക്ക് അങ്ങനെ ഒരിക്കലും ചെയ്യാനാകില്ല എന്നുംതന്നെയാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

70 വര്‍ഷത്തിനിടെ ഈ രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുമ്പോള്‍ അത് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലല്ലേ എന്നും രാഹുല്‍ ചോദിക്കുന്നു. ചൈനക്കാര്‍ നമ്മുടെ രാജ്യത്തേക്ക് കടന്ന് നമ്മുടെ സൈനികരെ കൊന്നു. എന്നാല്‍ പ്രധാനമന്ത്രി അത് നിഷേധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പാണ് രാഹുല്‍ ഗാന്ധി യു കെയില്‍ എത്തുകയുണ്ടായത്.
Tags