‘മുസ്ലീം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ ’:ഇവ അഫ്ഗാനിൽ നിരോധിച്ച് താലിബാന്‍ നടപടി
February 18, 2023
‘മുസ്ലീം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ ’:ഇവ അഫ്ഗാനിൽ നിരോധിച്ച് താലിബാന്‍ നടപടി
സത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് താലിബാന്‍. മതനിയമപ്രകാരം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദനീയമല്ലാത്തതിനാലാണ് ഈ നടപടിയെന്നാണ് താലിബാന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വ്യാപാരികള്‍ക്ക് ലഭിച്ചുകഴിഞ്ഞു. മുസ്ലീം വംശവര്‍ദ്ധനവ് തടയാനായി വിദേശ രാജ്യങ്ങള്‍ നടത്തുന്ന ഗൂഢാലോചനയാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വില്‍പ്പനയെന്നാണ് താലിബാന്റെ നിലവിലെ ആരോപണം. മതനിയമപ്രകാരം ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുന്നത് തെറ്റാണെന്നും ഇവര്‍ പറയുന്നുണ്ട്.
താലിബാന്‍ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി പുതിയ നിയമം അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ആശുപത്രികള്‍, ചെറിയ ക്ലിനിക്കുകള്‍, മുരുന്നുകടകള്‍ എന്നിവിടങ്ങളിലും താലിബാന്‍ പ്രവര്‍ത്തകരെത്തി ഇക്കാര്യം പറയുന്നുമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായ ഉത്തരവ് ഇതുവരെ വന്നിട്ടില്ല. അഫ്ഗാനിസ്ഥാനിലെ അവസ്ഥ ഭീകരമാണെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മരുന്നുവ്യാപാരി ദ ഗാര്‍ഡിയനോട് പ്രതികരിച്ചു. ‘തോക്കുമായി അവര്‍ രണ്ടുവട്ടം എന്റെ മരുന്നുകടയിലേക്ക് വരികയും ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
പരിശോധന നടത്തുന്നുമുണ്ട്’- വ്യാപാരി പറയുന്നു. കാബുളിലും ബാല്‍ക്കിലും ഗര്‍ഭനിരോധന ഉപാധികളുടെ വില്‍പ്പന നിര്‍ത്തിയിട്ടുണ്ട്. രാജ്യത്തേക്കുള്ള ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ ഇറക്കുമതിയും നിര്‍ത്തലാക്കി കൊണ്ടിരിക്കുകയാണ്. അനൗദ്യോഗികമായ ഈ ഉത്തരവ് കാരണം ഗര്‍ഭനിരോധന ഉപാധികള്‍ക്ക് വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഈ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുമുണ്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം താലിബാന്‍ ദിനം പ്രതി വര്‍ധിപ്പിക്കുകയാണെന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ.