കർക്കിടക വാവ് ഇന്ന് : ബലിതർപ്പണ കേന്ദ്രങ്ങളിൽ തിരക്ക്
July 28, 2022
കർക്കിടക വാവ് ഇന്ന് : ബലിതർപ്പണ കേന്ദ്രങ്ങളിൽ തിരക്ക്,
പീതൃ പരമ്പരയുടെ പുണ്യത്തിനായി ശ്രാദ്ധമൂട്ടുന്ന കർക്കിടകവാവ് ഇന്ന്.
പുലർച്ചെ മുതൽ തീർഥ ഘട്ടങ്ങളിൽ ബലിതർപ്പണം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു കൊല്ലം ഭാഗികമായി മുടങ്ങിക്കിടക്കുകയായിരുന്നു പിതൃ തർപ്പണ ചടങ്ങുകൾ.
ബലി ഇടുന്നതിലേക്കും പൂജാ കാര്യങ്ങൾ ചെയ്യുന്നതിലേക്കും മിക്ക ക്ഷേത്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പല ക്ഷേത്രങ്ങളിലേക്കും ബലിയിടാൻ എത്തുന്നവരുടെ സൗകര്യാർത്ഥം പ്രത്യേക ബസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബലിയിടൽ ചടങ്ങിന്റെ തിരക്കുകൾ നിയന്ത്രിക്കുന്നതിലേക്കായി പോലീസ് സേനയുടെ സഹായങ്ങളും മിക്ക ക്ഷേത്രങ്ങളിലും ഉണ്ട്.
തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ വലിയ തിരക്കുണ്ട്. ബലിതർപ്പണം പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങി. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നിർദേശിച്ചിട്ടുള്ളത്.