കോളജുകളില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കുന്നു : മന്ത്രിമാർ
June 10, 2022
കോളജുകളില്‍ ടൂറിസം ക്ലബുകള്‍ രൂപീകരിക്കുന്നു,
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കുന്നതിനുമായി കലാലയങ്ങളില്‍ ടൂറിസം ക്ലബുകള്‍ രൂപവത്കരിക്കാൻ ഒരുങ്ങുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 കോളജുകളില്‍ ക്ലബുകള്‍ രൂപവത്കരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര്. ബിന്ദുവും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ക്ലബ് പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ടൂറിസം വകുപ്പ് നല്‍കും. സംസ്ഥാനതല ഉദ്ഘാടനവും ഉടന്‍ നടക്കുന്നതാണ് .കലാലയങ്ങളുടെ സമീപത്തുള്ള ടൂറിസം പ്രദേശങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും ക്ലബുകളുടെ പ്രവര്‍ത്തനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
സമീപത്തെ ടൂറിസം കേന്ദ്രങ്ങളുടെ പരിചരണം, പ്രചാരണംഎന്നിവയാണ് ഇവരുടെ ദൗത്യമായി കാണുന്നത് . ക്ലബുകളുടെ ചുമതല ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലുകള്‍ക്കായിരിക്കും. പരമാവധി 50 അംഗങ്ങളാണ് ക്ലബിലുണ്ടാകുക. അംഗങ്ങള്‍ക്ക് ഏകീകൃത യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.
അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ക്ലബുകള്‍ക്ക് അവാര്‍ഡും നല്‍കുന്നതായിരിക്കും . വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആതിഥ്യമര്യാദയുടെ മികച്ച മാതൃക കാണിച്ചുകൊടുക്കാനും ടൂറിസ്റ്റ് ഗൈഡുമാരായി പാര്‍ട്ട് ടൈം ജോലി ചെയ്യാനും ടൂറിസം ക്ലബ് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് മന്ത്രി പറയുകയുണ്ടായി