കോവിഡിനെതിരെ അതീവ ജാഗ്രത : മാസ്‌ക് കര്‍ശനമായി ഉപയോഗിക്കണം; മുഖ്യമന്ത്രി

News Desk
കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണം; മാസ്‌ക് കര്‍ശനമായി ഉപയോഗിക്കണം; മുഖ്യമന്ത്രി, തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് എതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിനു മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കുളള ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം വളരെ കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച 2,415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ് 796 പേര്‍. തിരുവനന്തപുരത്ത് 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കും രോഗം ബാധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടന്നിരിക്കുന്നത്.