പബ്ജി വിലക്കി :കൗമാരക്കാരന് അമ്മയെ വെടിവെച്ചു കൊലപ്പെടുത്തി
June 08, 2022
പബ്ജി കളിക്കുന്നത് വിലക്കിയതിനു ; യുപിയില്‍ കൗമാരക്കാരന് അമ്മയെ വെടിവെച്ചു കൊലപ്പെടുത്തി,
ലക്നോ: ഉത്തര്‍പ്രദേശില്‍ പബ്ജി കളിക്കുന്നത് വിലക്കിയതിന് പതിനാറു വയസുള്ള മകന് അമ്മയെ വെടിവച്ച് കൊലപ്പെടുത്തി.
തലസ്ഥാനമായ ലക്നോവിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് മകന് അമ്മയെ ആക്രമിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവമുണ്ടായത്. തുടര്‍ച്ചയായി ഫോണില്‍ ഗെയിം കളിച്ചിരുന്ന മകനെ അമ്മ ശകാരിച്ചതാണ് പ്രകോപനത്തിന് കാരണം. തലയ്ക്ക് വെടിയേറ്റ മാതാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ഒന്‍പത് വയസുകാരിയായ സഹോദരിക്കൊപ്പം മകന് രണ്ടു ദിവസം വീട്ടില്‍ തന്നെ കഴിഞ്ഞു. മൃതദേഹത്തിന് പഴക്കം വച്ചതോടെ ദുര്‍ഗന്ധം പുറത്തേക്ക് പോകാതിരിക്കാന്‍ മകന് റൂം ഫ്രഷ്നര്‍ ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് . സംഭവം പുറത്തുപറയരുതെന്ന് സഹോദരിയെ കൗമാരക്കാരന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അമ്മയെ വീട്ടില്‍ ജോലിക്ക് വന്ന ഇലക്ട്രീഷന്‍ വെടിവച്ച് കൊലപ്പെടുത്തിയെന്ന് മകന് പിന്നീട് പിതാവിനോട് പറഞ്ഞു. സൈനിക ഉദ്യോഗസ്ഥനായ പിതാവ് നിലവില്‍ പശ്ചിമ ബംഗാളിലാണ് ജോലി ചെയ്യുന്നത്. മകന് പറഞ്ഞ കഥ പിതാവ് പോലീസിനോടും വെളിപ്പെടുത്തിയെങ്കിലും തുടരന്വേഷണത്തില്‍ സത്യാവസ്ഥ കണ്ടെത്തുകയായിരുന്നു . കേസില്‍ വിശദമായ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.