മൂന്ന് വര്‍ഷമായി 15 കുട്ടികള്‍ ദിവസവും കാണാതാവുന്നു

News Desk
മൂന്ന് വര്‍ഷമായി 15 കുട്ടികള്‍ വീതം ദിവസവും കാണാതാവുന്നു, ഈ സംസ്ഥാനത്ത് കൂടി കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക, പട്ന : ബീഹാറില്‍ ദിവസവും പതിനഞ്ചോളം കുട്ടികളെ കാണാതാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്തിട്ടുള്ള പരിശോധനയിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമാവുന്നത്. കുട്ടികളെ കാണ്മാനില്ലെന്ന രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്നുമാണ് ഈ വിവരം ശേഖരിച്ചിരിക്കുന്നത് . കണക്കുകള്‍ പ്രകാരം ബീഹാര്‍ പൊലീസിലും റെയില്‍വേ പൊലീസിലുമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16,559 കുട്ടികളെ കാണാതായതായി ഇതുവരെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാല്‍ കാണാതായ 16,559 കുട്ടികളില്‍ കേവലം 7,219 കുട്ടികളെ മാത്രമേ പൊലീസിന് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളവര്‍ എവിടെയാണെന്നോ എന്ത് പറ്റിയെന്നോ ആർക്കും അറിയില്ല. കാണാതാവുന്നതില്‍ 55 ശതമാനം പേര്‍ക്കും എന്ത് സംഭവിച്ചു എന്നത് പോലും കണ്ടെത്താനുമായിട്ടില്ല. 2021ല്‍, 6,395 കുട്ടികളെ അവരുടെ വീടുകളില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതില്‍ 2,838 കുട്ടികളെ മാത്രമേ ലോക്കല്‍ പൊലീസിന് കണ്ടെത്താനായുള്ളു. ഇനിയും 3,557 കുട്ടികളെ കുറിച്ച്‌ ഒരു വിവരമില്ല. കൊവിഡ് ലോക്ക്ഡൗണിലായിപ്പോയ 2020ല്‍ 2,867 കുട്ടികളെ കാണാതായെങ്കിലും അന്വേഷണത്തില്‍ 1,193 പേരെ മാത്രമാണ് കണ്ടെത്തിയത്. 2019ല്‍ 7,297 പരാതികള്‍ കുട്ടികളെ നഷ്ടമായതില്‍ എടുത്തെങ്കിലും അതില്‍ 3,188 കുട്ടികളെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ബിഹാറിന്റെ തലസ്ഥാനമായ പട്ന, ഗയ, ഭഗല്‍പൂര്‍, മോത്തിഹാരി, വൈശാലി, മുസാഫര്‍പൂര്‍, സരണ്‍, ഗോപാല്‍ഗഞ്ച്, റോഹ്താസ് ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ കുട്ടികളെയും കാണാതാവുന്നത്