ചെറുമകളുടെ ഭര്‍ത്താവ് വയോധികയെ പീഡിപ്പിച്ചു

News Desk
ചെറുമകളുടെ ഭര്‍ത്താവ് പീഡിപ്പിച്ചു , പേടിച്ച്‌ വിവരം പുറത്ത് പറയാത്ത ദിവസങ്ങള്‍, ഒടുവില്‍ പ്രതിയുടെ അറസ്റ്റ്, പത്തനംതിട്ട: അരുവാപ്പുറത്ത് 85 വയസുള്ള വയോധികയെ ചെറുമകളുടെ ഭര്‍ത്താവ് പീഡിപ്പിച്ചു. കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി വയോധികയെ ബലാത്സംഗം ചെയ്തിരുന്നത് . ആദ്യ ഘട്ടത്തില്‍ പ്രതിയെ പേടിച്ച്‌ വിവരം പുറത്ത് പറയാതിരുന്ന വയോധിക ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് പരാതി നല്‍കിയത്. വീടിനടുത്തുള്ള അംഗനവാടിയിലെ ജീവനക്കാരിയോടാണ് ആദ്യം പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് അംഗനവാടി ജീവനക്കാരി കോന്നി ഐസിഡിഎസ് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു. ഇവരാണ് പൊലീസില്‍ ഈ വിവരത്തെപ്പറ്റി പരാതി നല്‍കിയത്. ഐസിഡിഎസ് സൂപ്പര്‍വൈസറുടെ സാന്നിധ്യത്തില്‍ തന്നെ പൊലീസ് വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രതിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു . ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 രണ്ട് വകുപ്പാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. വയോധിക പൊലീസിന് നല്‍കിയ മൊഴി പ്രകാരം മുൻപും പല തവണ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. സംഭവങ്ങള്‍ പുറത്ത് പറയരുതെന്ന് ചില ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചതായും വയോധിക മൊഴി നല്‍കി. കഴിഞ്ഞ 16 വര്‍ഷമായി ചെറുമകള്‍ക്കൊപ്പമാണ് വയോധിക താമസിക്കുന്നത് . എണ്‍പതിയഞ്ച്കാരിയുടെ ചെറുമകള്‍ പ്രതിയുടെ രണ്ടാം ഭാര്യായാണ്. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വയോധിക ഇളയമകളുടെ അടുത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്.