നൃത്തവേദികളാക്കാന് ടൂറിസ്റ്റ് വാഹനങ്ങളെ അനുവദിക്കരുത് -ഹൈകോടതി
June 08, 2022
ടൂറിസ്റ്റ് വാഹനങ്ങളെ നൃത്തവേദികളാക്കാന് അനുവദിക്കരുത് -ഹൈകോടതി,
കൊച്ചി: ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ളിലെ കണ്ണഞ്ചിക്കുന്ന ബള്‍ബുകളും അമിത ശബ്ദ സംവിധാനങ്ങളും ഘടിപ്പിച്ച് നൃത്തവേദികളാക്കാന് അനുവദിക്കരുതെന്ന് ഹൈകോടതി ഉത്തരവ്.
ഇത്തരം സംവിധാനങ്ങളുമായി ഓടുന്ന ടൂറിസ്റ്റ് ബസുകളും ട്രാവലറുകളും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നെന്നുള്ള വിലയിരുത്തലീലാണ് ജസ്റ്റിസ് അനില്‍. കെ നരേന്ദ്രന്, ജസ്റ്റിസ് പി. ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഈ ഉത്തരവ്.
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്തരത്തില്‍ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച് പരാതി നല്കാന് ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് ഗതാഗത കമീഷണര്‍ക്ക് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട് . വാട്ട്സ് ആപ്പ് നമ്പറുകള്‍ മാധ്യമങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും നല്‍കണം. ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ എന്നിവയെക്കുറിച്ച് യൂട്യൂബിലും മറ്റും വരുന്ന വിഡിയോകള്‍ വിശദമായി പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് . ശബരിമല തീര്‍ഥാടകരുടെ യാത്രാ സുരക്ഷക്ക് വേണ്ടി സേഫ് സോണ്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സ്പെഷല്‍ കമീഷണര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഈ ഉത്തരവ്. ഹർജി വീണ്ടും ജൂണ്‍ 28ന് പരിഗണിക്കും.
നേരത്തേ ഹർജി പരിഗണിക്കവേ അപകടങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡി.ജി.പിയും ഗതാഗത കമീഷണറും ജൂലൈ ഒന്നിനകം റിപ്പോര്‍ട്ട് നല്കുന്നതിനുവേണ്ട നിര്‍ദേശം നല്‍കിയിയുന്നു . ഇതിനുശേഷവും അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെ ഹർജി വീണ്ടും പരിഗണിക്കുകയായിരുന്നു. ഏപ്രില്‍ ഒന്ന്, മേയ് 22, 23 തീയതികളില്‍ കോഴിക്കോട്, പാലക്കാട് ജില്ലകളിലുണ്ടായ അപകടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് ബസുകളും ട്രാവലറുകളുമാണ് അപകടത്തിൽ ഉള്‍പ്പെട്ടതെന്ന് കോടതി വിലയിരുത്തുകയുണ്ടായി.