മഴയിൽ കുളിച്ചുള്ള മൺസൂൺ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി

News Desk
മഴയിൽ കുളിച്ച് മൺസൂൺ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം : നെയ്യാറ്റിൻകര: വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി നേരിട്ട് സംഘടിപ്പിച്ചു വരുന്ന ടൂറിസം യാത്രകൾ "മഴ നനഞ്ഞ് നാട് കാണാം " എന്ന ശീർഷകത്തിൽ മൺസൂൺ യാത്രകൾ ഒരുക്കുന്നു. മഴയുടെ ഭംഗി ആസ്വദിക്കാനും മഴ നനഞ്ഞ് യാത്രയും കുളിക്കാനും മഴക്കളികൾക്കും ഈ യാത്രയിൽ അവസരം ഉണ്ട്. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് തലസ്ഥാന ജില്ലയിൽ മൺസൂൺ ടൂറിസത്തിന് തുടക്കമായി. മൺസൂൺ ടൂറിസം യാത്രാ പദ്ധതി കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫീസർ എസ്. മുഹമ്മദ് ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. ചോനാംപാറ കാട്ടിലൂടെ പ്രഭാതനടത്തക്ക് ശേഷം കാപ്പുകാട് ആന പരിപാലന സങ്കേതത്തിലേക്ക് ആണ് യാത്ര. തുടർന്ന് നെയ്യാർഡാമിൽ ബോട്ടിംഗും നീന്തൽ കുളത്തിൽ മുങ്ങിക്കുളിയും ആസ്വദിച്ച ശേഷം മൺസൂൺ യാത്രികർ നേരെ കല്ലാറിലേക്ക്. മഴ നനഞ്ഞ് കല്ലാറിൽ കുളിച്ച് നേരെ പൊന്മുടി അപ്പറിലേക്ക്. പൊന്മുടിയിലെ മൂടൽമഞ്ഞ് മതിയാവോളം ആസ്വദിച്ച ശേഷം രാത്രി തിരികെ ആനവണ്ടിയിൽ ഗൃഹങ്ങളിലേക്ക്. പൊന്മുടിക്ക് പുറമേ വാഗമൺ, കുമരകം, കുട്ടനാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും നെയ്യാറ്റിൻകരയിൽ നിന്ന് മൺസൂൺ യാത്രകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ടൂറിസം സെൽ കോ-ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് അറിയിച്ചു. യാത്രക്കാരുടെ ക്രിയാത്മകമായ നിർദ്ദേശപ്രകാരവും മൺസൂൺ ട്രിപ്പുകൾ സജ്ജമാക്കും.ബുക്കിംഗിനും വിശദ വിവരങ്ങൾക്കും 9846067232 എന്ന നമ്പറിൽ ആവശ്യമുള്ളവർ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
Tags