തട്ടുകടമുതല്‍ വിവരം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം:ഉപയോഗിച്ചു കഴിഞ്ഞ എണ്ണ എന്തുചെയ്യുന്നു?
June 02, 2022
ഉപയോഗിച്ച എണ്ണ എന്തുചെയ്യുന്നു? തട്ടുകടമുതല്‍ വിവരം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം,
കണ്ണൂര്‍: ഹോട്ടലുകളും തട്ടുകടകളുമടക്കം ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ പിന്നീട് എന്തുചെയ്യുന്നു എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഊർജിതമായ അന്വേഷണം തുടങ്ങി.
ഇത്തരം എണ്ണകള്‍ ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത് എന്നതാണ് പ്രത്യേകമായി അന്വേഷിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാനാണ് ഭക്ഷ്യസുരക്ഷാവിഭാഗം വിവരം ശേഖരിക്കുന്നത്. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക പരിശോധയിലാണ് പഴകിയ എണ്ണ പിന്നീട് എന്തുചെയ്യുന്നു എന്നതടക്കം അന്വേഷിക്കുന്നത്.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് കര്‍ശനമായ നിര്‍ദേശമുണ്ട്. ഇത്തരം എണ്ണകള്‍ ശേഖരിക്കുന്ന വിവിധ ഏജന്‍സികള്‍ സംസ്ഥാനത്തുണ്ട്. ഭൂരിഭാഗവും ജൈവ ഡീസല്‍ ഉണ്ടാക്കാനായാണ് വാങ്ങുന്നത്. എന്നാല്‍, ഇവ ഭക്ഷ്യ എണ്ണയായി വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്നതാണ് സംശയം. ഇത് കണ്ടുപിടിക്കാനാണ് പരിശോധന. ഉപയോഗിച്ച എണ്ണ ഏത് ഏജന്‍സിക്ക് നല്‍കുന്നു, ഏജന്‍സി എത്ര രൂപ നല്‍കും, എത്ര അളവാണ് ശേഖരിക്കുന്നത് എന്നതടക്കമുള്ള പൂർണ വിവരങ്ങളാണെടുക്കുന്നത്. കിലോയ്ക്ക് 40 രൂപമുതല്‍ 60 രൂപവരെ ഇതിന് നല്‍കുന്നുണ്ട്.
ഹോട്ടല്‍, ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളിലാണ് എണ്ണ കൂടുതല്‍ ഉപയോഗിക്കുന്നതും ഉപയോഗിച്ചവ പിന്നീട് വില്‍ക്കുന്നതും. ഉപയോഗിച്ച വെജിറ്റബിള്‍ ഓയില്‍ (വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍, പാം ഓയില്‍) ശേഖരിക്കാന്‍ സംസ്ഥാനത്ത് ഏജന്‍സികളുണ്ട്. കുടുംബശ്രീ വഴി തട്ടുകടകളില്‍നിന്ന് ഇവ ശേഖരിച്ച് ഏജന്‍സിക്ക് ഒന്നിച്ച് കൈമാറുനുള്ള സജ്ജീകരണവും നടക്കുന്നുണ്ട്. ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗിച്ച എണ്ണ എന്തുചെയ്യുന്നു എന്നത് പരിശോധിക്കുന്നുണ്ട്. പരിശോധന ഊര്‍ജിതമായി നടക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വി.ആര്‍. വിനോദ് പറഞ്ഞു.