ശ്രീശാന്തിനോട് അന്ന് ചെയ്തത് തെറ്റായി പോയി, ഖേദപ്രകടനവുമായി ഹര്‍ഭജന്‍

News Desk
അന്ന് ശ്രീശാന്തിനോട് ചെയ്തത് തെറ്റായി പോയി, പിഴവ് എന്റെ ഭാഗത്ത്; ഐപിഎല്ലില്‍ മലയാളി താരത്തെ തല്ലിയ സംഭവത്തില്‍ ഖേദപ്രകടനവുമായി ഹര്‍ഭജന്‍, മുംബയ് : 2008ലെ ആദ്യ ഐ.പി.എല്‍ സീസണില്‍ മലയാളി പേസര്‍ താരം എസ്. ശ്രീശാന്തിന്റെ കരണത്തടിച്ച സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറും രാജ്യസഭാംഗവുമായ ഹര്‍ഭജന്‍ സിംഗിന്റെ ഖേദപ്രകടനം. ഒരു ലൈവ് ചാറ്റ് ഷോയിലാണ് ഹര്‍ഭജന്‍ ഇങ്ങനെ പറഞ്ഞത്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്ത് മത്സരത്തില്‍ തോറ്റ മുംബയ് ഇന്ത്യന്‍സിന്റെ താരമായിരുന്ന ഹര്‍ഭജനോട് തമാശപറയാന്‍ ചെല്ലുന്നതും പിന്നീട് കരണംപൊത്തി കരയുന്നതുമാണ് അന്ന് കളികഴിഞ്ഞ് താരങ്ങള്‍ മടങ്ങവേ ടി.വിയില്‍ കണ്ടത്. ഹര്‍ഭജന്‍‌ തല്ലിയതാണെന്ന് പിന്നെയാണ് കൂടെയുള്ളവര്‍ക്ക്പോലും മനസിലായത്. സംഭവം വലിയ വിവാദമായതോടെ ഹര്‍ഭജനെ ഐ.പി.എല്ലിലെ അഞ്ച് ഏകദിനങ്ങളില്‍ നിന്നും ബി.സി.സി.ഐ വിലക്കിയിരുന്നു. പിന്നീട് ഇരുവരും വീണ്ടും സൗഹൃദത്തിലാവുകയും 2011 ഏകദിന ലോകകപ്പില്‍ ഇരുവരും ഇന്ത്യയ്ക്കായി ഒന്നിച്ചു കളിക്കുകയും ചെയ്തിരുന്നു.സംഭവത്തിനു ശേഷം ഇരുവരും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ശ്രീശാന്ത് മുമ്പ് രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങള്‍ സച്ചിന്‍ മുന്‍കൈയെടുത്ത് പറഞ്ഞുതീര്‍ത്തെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. ഹര്‍ഭജന്റെ തുറന്നു പറച്ചിൽ, അന്നു സംഭവിച്ചതു വലിയ തെറ്റായിപ്പോയി. എന്റെ ഭാഗത്തായിരുന്നു പിഴവ്. എന്റെ പിഴവുമൂലം സഹതാരത്തിന് അസ്വസ്ഥത നേരിട്ടു. ജീവിതത്തില്‍ എന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഒരു പിഴവു തിരുത്താന്‍ അവസരം ലഭിച്ചാല്‍, മൈതാനത്തെ ശ്രീശാന്തിനെതിരായ എന്റെ പെരുമാറ്റം തിരുത്താന്‍ ശ്രമിച്ചേനെ. അതു സംഭവിക്കാന്‍ പാടില്ലാത്ത ഒരു സംഭവം തന്നെയായിരുന്നു.