അങ്കണവാടിയിൽ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള ശര്‍ക്കരയില്‍ പൂപ്പല്‍ :
June 13, 2022
ശര്‍ക്കരയില്‍ പൂപ്പല്‍; എല്ലാം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ളത്,ആദ്യം അരിയില്‍ പുഴുവായിരുന്നു , പരാതി പറഞ്ഞാല്‍ കാരണം കാണിക്കല്‍ നോട്ടീസ്,
പള്ളുരുത്തി: അങ്കണവാടിയില്‍നിന്ന് പൂപ്പല്‍ പിടിച്ച് ഉപയോഗശൂന്യമായ ശര്‍ക്കര കണ്ടെത്തിയ സംഭവത്തില്‍, ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍ രണ്ടില്‍ പൂപ്പല്‍ കണ്ടെത്തിയ എല്ലാ അങ്കണവാടികളിലെ ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെടുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ഇടക്കൊച്ചിയിലെ അങ്കണവാടികളിലെ ജീവനക്കാരായ പത്ത് പേര്‍ക്ക് മാത്രമായാണ് ശിശു വികസന പദ്ധതി ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. ഇതു വിവാദമായതിനു പിന്നാലെയാണ് നടപടി.
അങ്കണവാടികളില്‍ പൂപ്പല്‍ പിടിച്ച ശര്‍ക്കര സ്റ്റോക്കുണ്ടെന്ന വിവരം കൗണ്‍സിലില്‍ പരാതി ഉയര്‍ന്നതോടെ നാല്പതോളം അങ്കണവാടികളില്‍ നിന്ന് ഇവഎല്ലാം നീക്കം ചെയ്തിരുന്നു. പിന്നീട് വിഷയം കൗണ്‍സിലില്‍ ഉയര്‍ത്തിയ നഗരസഭാംഗം അഭിലാഷ് തോപ്പിലിന്റെ ഡിവിഷനിലുള്ള അങ്കണവാടി ടീച്ചര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും മാത്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതാണ് പുതിയ വിവാദത്തിന് വഴി തെളിച്ചത് . ഇതിനു പുറമേ പള്ളുരുത്തി, ഇടക്കൊച്ചി മേഖലകളിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരോടും വിശദീകരണം ആവശ്യപ്പെടുമെന്ന് പദ്ധതി ഓഫീസര്‍ അറിയികുകയുണ്ടായി . ടീച്ചര്‍മാര്‍ക്ക് നല്കിയിരിക്കുന്ന അതേ കാരണം കാണിക്കല്‍ നോട്ടീസ് തന്നെയാണ് ഹെല്‍പ്പര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്. സ്റ്റോക്കിന്റെയും കുട്ടികള്‍ക്ക് നല്കിയ ഭക്ഷ്യവസ്തുക്കളുടേയും കണക്കും സ്റ്റോക്കും സൂക്ഷിക്കേണ്ടത് ടീച്ചര്‍മാരാണ്. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് ഹെല്‍പ്പര്‍മാര്‍ക്കുള്ളത്. നോട്ടീസിന് ടീച്ചര്‍മാര്‍ മാത്രം പറയേണ്ട ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി പറയുമെന്ന ആശയ കുഴപ്പത്തിലാണ് ഹെല്‍പ്പര്‍മാര്‍ മുഴുവനും.