കോവിഡ് കാലത്ത് തമിഴ്‌നാട്ടില്‍ വിവാഹിതരായത് 511 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍
June 09, 2022
കോവിഡ് കാലത്ത് തമിഴ്‌നാട്ടില്‍ വിവാഹിതരായത് 511 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍; വിവാഹിതരായത് എട്ടാംക്ലാസുമുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന പെണ്‍കുട്ടികള്‍,
ചെന്നൈ: കോവിഡ് വ്യാപനകാലത്ത് തമിഴ്‌നാട്ടില്‍ 511 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ വിവാഹിതരായതായി റിപ്പോർട്ട്.
കോവിഡ് കാലത്ത് സ്‌കൂള്‍ അടച്ചതോടെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ പഠനം നിര്‍ത്തി കെട്ടിച്ചു വിടുകയായിരുന്നു. എട്ടാംക്ലാസുമുതല്‍ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് ഇത്തരത്തിൽ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ വിവാഹിതരായത്. സ്‌കൂള്‍ തുറന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു. തുടര്‍ന്ന് കോവിഡ് കാലത്തെ വിദ്യാര്‍ത്ഥിനികളുടെ കൊഴിഞ്ഞുപോക്കിന്റെ കാരണമറിയാന്‍ നടത്തിയ അന്വേഷണത്തിലാണ് സങ്കടകരമായ ഈ വസ്തുത മനസ്സിലായത്.
വിവാഹത്തിനായി പഠനം നിര്‍ത്തിയതിൽ കൂടുതല്‍പ്പേര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ്-417 പേര്‍ . പ്ലസ് ടു വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേരും വിവാഹത്തിനായി പഠനംനിര്‍ത്തി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളായ 45 പേരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ 37 പേരും എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളായ 10 പേരും വിവാഹവുമായി ബന്ധപ്പെട്ട് പഠനം നിര്‍ത്തിയിട്ടുണ്ട്. ഇവരെ സ്‌കൂളില്‍ തിരിച്ചെത്തിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടപടികൾ തുടങ്ങിയിട്ടുണ്ട്.
നിയമാനുസൃതമുള്ള പ്രായമെത്തുംമുമ്പാണ് വിവാഹം നടന്നത് എന്നതിനാല്‍ വിവാഹംചെയ്തവര്‍, മാതാപിതാക്കള്‍ തുടങ്ങിയവരുടെ പേരില്‍ കേസെടുക്കുമോ എന്നകാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.