കഞ്ചാവടിച്ചു കിറുങ്ങി മോഷ്ടിക്കാൻ കടയിൽ കയറിയ കള്ളൻ കുടുങ്ങി

News Desk
കഞ്ചാവടിച്ച്‌ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കടക്കുള്ളില്‍ ഓഫായി, കൂടെയുണ്ടായവര്‍ തടിതപ്പി; തൃശൂര്‍; ലഹരി ഉപയോ​ഗിച്ച്‌ മോഷ്ടിക്കാന്‍ കയറി കള്ളന്‍ കടയില്‍ കുടുങ്ങി. കടയ്ക്കുള്ളില്‍ വച്ച്‌ 'ഓഫായി' പോയ ഇയാളെ പുറത്തെത്തിക്കാനാവാതെ വന്നതോടെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. രാവിലെ കട തുറക്കാനെത്തിയ കടയുടമയാണ് പാതിമയക്കത്തില്‍ കിടക്കുന്ന കള്ളനെ കണ്ടത്. അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് കഞ്ചാവടിച്ച്‌ പിടിയിലായത്. മാള പഴൂക്കരയിലെ സീസ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രിയിൽ മോഷണശ്രമം നടന്നത്. കടയുടെ വാതില്‍ കുത്തിത്തുറന്നാണ് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നത്. പ്രസാദ് അലോക് കഞ്ചാവ് പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. ലഹരി തലക്കു പിടിച്ചതോടെ പുറത്തേക്കിറങ്ങാനായില്ല. കൂടെയുള്ളവര്‍ ഇയാളെ പുറത്തെത്തിക്കാന്‍നല്ലവണ്ണം ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പ്രസാദിനെ അവിടെ ഉപേക്ഷിച്ച്‌ അവര്‍ തടിതപ്പി രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കട കുത്തിത്തുറന്നത് കണ്ടതും അകത്ത് ശബ്ദം കേട്ടതും. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. മാള പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു