വിവാഹശേഷം വധൂവരന്മാര്‍ മൂന്ന് നാള്‍ ടോയിലറ്റില്‍ പോവാന്‍ പാടില്ല :വ്യത്യസ്ത വിശേഷങ്ങൾ

News Desk
ഇവിടെ വിവാഹശേഷം വധൂവരന്മാര്‍ മൂന്ന് നാള്‍ ടോയിലറ്റില്‍ പോവാന്‍ പാടില്ല, ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങാണ് സ്വന്തം വിവാഹം. ലോകമെങ്ങുമുള്ള ആളുകള്‍ എന്നാല്‍ വ്യത്യസ്ത രീതികളിലാണ് അത് അനുഷ്ഠിക്കുന്നതും. .ചില ആചാരങ്ങളുടെ ഭാഗമായി ഒരു ഗോത്ര വര്‍ഗ്ഗം, വിവാഹ ശേഷം വധൂവരന്മാരെ മൂന്ന് ദിവസത്തേക്ക് ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും തടയുന്നു. ഒരു ദിവസം പോലും ടോയ്ലെറ്റില്‍ പോകാതിരിക്കുന്നത് പലര്‍ക്കും ചിന്തിക്കാന്‍ കൂടി സാധിക്കില്ല. അപ്പോള്‍ അടുപ്പിച്ച്‌ മൂന്ന് ദിവസം പോയില്ലെങ്കിലുള്ള അവസ്ഥ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ? ഈ വിചിത്രമായ ആചാരം ബര്‍ണിയോയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ടിഡോംഗ് ഗോത്ര വിഭാഗമാണ് പിന്തുടരുന്നത്. മലേഷ്യയുടെയും, ഇന്തോനേഷ്യയുടെയും അതിര്‍ത്തികളുടെ ഇരുവശത്തായാണ് അവര്‍ താമസിക്കുന്നത്. ടിഡോംഗ് എന്നാല്‍ മലയിലെ ജനങ്ങള്‍ എന്നാണ് അര്‍ത്ഥം. ബോര്‍ണിയോ ദ്വീപിന്റെ ഇന്തോനേഷ്യന്‍ ഭാഗങ്ങളായ വടക്കന്‍ കലിമന്തന്‍, സാംബകുങ് നദി, തരകന്‍ ദ്വീപുകളുടെ വടക്ക് സിബുക് നദി എന്നിവ അവരുടെ അധീനതയിലാണ്. ഇനി ഗോത്രത്തിന്റെ ആചാരത്തിലേയ്ക്ക് കടന്നാല്‍, വിവാഹം കഴിയുന്നതോടെ വധൂവരന്മാരെ വീട്ടുകാര്‍ ഒരു പ്രത്യേക മുറിയിലാക്കുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ മൂന്ന് ദിവസം അവര്‍ ചെലവിടേണ്ടത് ആ മുറിയിലാണ്. ഈ മൂന്ന് ദിവസങ്ങളില്‍, ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് അവര്‍ക്ക് വിലക്കുണ്ട്. മൂത്രമൊഴിക്കാനോ, മറ്റൊന്നിനും ഈ മൂന്ന് ദിവസം അനുവാദമില്ല. മൂന്ന് ദിവസത്തെ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ ദമ്പതികൾ ടോയ്ലെറ്റില്‍ പോകാതെ പിടിച്ച്‌ നില്‍ക്കണം. ഈ നിയമം ലംഘിച്ച്‌ ദമ്പതികൾ എങ്ങാന്‍ ടോയ്ലറ്റ് ഉപയോഗിച്ചാല്‍ അവരുടെ ദാമ്പത്യം തകരുമെന്നാണ് വിശ്വാസം. കുടുംബജീവിതത്തില്‍ വഞ്ചന, മക്കളുടെ മരണം, ചെറുപ്പത്തില്‍ തന്നെ പങ്കാളിയുടെ മരണം തുടങ്ങിയ അനര്‍ത്ഥങ്ങള്‍ സംഭവിക്കാമെന്നാണ് ആളുകൾ ഭയക്കുന്നുത്. അതുകൊണ്ട് തന്നെ ഈ നിയമം ലംഘിക്കാതിരിക്കാന്‍ വീട്ടുകാരും, ബന്ധുക്കളും മുറിയ്ക്ക് പുറത്ത് കണ്ണില്‍ എണ്ണ ഒഴിച്ച്‌ കാവല്‍ ഇരിക്കുന്നു. മൂന്ന് ദിവസത്തേയ്ക്ക് കുറഞ്ഞ അളവിലുള്ള ഭക്ഷണപാനീയങ്ങള്‍ മാത്രമേ ദമ്പതികൾക്ക് കഴിക്കാന്‍ അനുവാദമുള്ളൂ. അതുപോലെ തന്നെ ഈ മൂന്ന് ദിവസം കുളിയുമില്ല. നാലാം ദിവസം അവര്‍ ആദ്യം കുളിക്കണം അതിന് ശേഷം മാത്രമേ ടോയ്ലറ്റ് ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ വെല്ലുവിളി മറികടക്കുന്ന ദമ്പത്തികൾക്ക് ദീര്‍ഘകാല ദാമ്പത്യമാണ് ഫലം. മൂന്ന് രാവും മൂന്ന് പകലും ടോയ്ലെറ്റില്‍ പോകാതെ പിടിച്ച്‌ നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍, ദമ്പതികളിൽ ആരെങ്കിലും ഒരാളോ, അല്ലെങ്കില്‍ രണ്ടു പേരുമോ താമസിയാതെ മരണപ്പെടുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ മരണഭയം മൂലം, ചടങ്ങ് ആളുകള്‍ ഗൗരവമായി എടുക്കുന്നു. അതേസമയം, മലമൂത്രാദികള്‍ പിടിച്ച്‌ വയ്ക്കുന്നത് ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഈ ഗോത്രത്തിലെ ആളുകള്‍ പതിറ്റാണ്ടുകളായി ഈ ആചാരം അനുഷ്ഠിച്ചുവരുന്നവരാണ് . ഇതുവരെ ആര്‍ക്കും അതുകൊണ്ട് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നത് വ്യത്യാസ്തമായ അത്ഭുതമാണ്.