നെയ്യാറ്റിൻകര കോടതിക്ക് മുന്നിൽ പ്രതിഭാഗവും വാദിഭാഗവും തമ്മിൽ ഏറ്റുമുട്ടി

News Desk
പ്രതി ഭാഗവും വാദി ഭാഗവും തമ്മിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിക്ക് മുൻപിൽ ഏറ്റുമുട്ടി :മൂന്നു പേർ പോലീസ് കസ്റ്റഡിയിൽ, തിരുവനന്തപുരം : നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിക്ക് മുന്നിൽ പ്രതിഭാഗവും വാദിഭാഗവും തമ്മിൽ ഏറ്റുമുട്ടല്‍. കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ് വിധിക്ക് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കോടതിക്ക് മുൻപിൽ സംഘര്‍ഷമുണ്ടായത്. സംഭവത്തിൽ പൊലീസുകാർക്കും പരിക്കേറ്റു. മൂന്നുപേരെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസില്‍ ഏഴ് പ്രതികളേയും ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചു. പ്രതികൾ ഓരോരുത്തരും തന്നെ ഒരു ലക്ഷം രൂപ വീതം ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എസ് സുഭാഷിന്‍റേതാണ് ഈ വിധി. ജീവപര്യന്തത്തിന് പുറമേ അന്യായമായി സംഘം ചേർന്നതിന് ഒരു വർഷം കഠിന തടവും സംഘടിച്ച് ലഹള നടത്തിയതിന് ഒരു വർഷം കഠിന തടവും അന്യായമായി തടസം സൃഷ്ടിച്ചതിന് ഒരു മാസം സാധാരണ തടവും ഏഴ് പ്രതികളും കൂടെ അനുഭവിക്കണം. പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു. 2016 ഒക്‌ടോബർ 7നാണ് റഫീഖിനെ പ്രതികൾ കാറ്റാടി കഴ കൊണ്ട് അടിച്ചുകൊന്നത്‌. വെള്ളായണി ദേശീയ പാതയിൽ തുലവിളയിലായിരുന്നു ഈ സംഭവം. കേസിലെ പ്രതിയായ അൻസക്കീറിന്‍റെ മാതൃ സഹോദരൻ അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്ത് വച്ച്‌ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ്‌ പിന്നീട് റഫീഖിന്‍റെ കൊലപാതകത്തിലേക്ക് വഴി വച്ചത്.