പ്രളയകാലത്തിലെ രക്ഷകന്‍ സദാചാര കേസില്‍ അറസ്റ്റില്‍
May 05, 2022
പ്രളയകാലത്തിലെ രക്ഷകന്‍ സദാചാര കേസില്‍ അറസ്റ്റില്‍; ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് ആരോപണം
തിരൂര്‍: പ്രളയകാലത്ത് ആളുകള്‍ക്ക് ബോട്ടില്‍ കയറാന്‍ ചുമല്‍ ചവിട്ട് പടിയാക്കി മാറ്റി കിടന്നു കൊടുത്ത് ഹീറോ പരിവേഷം ലഭിച്ച പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിയച്ചിന്റെ പുരയ്ക്കല്‍ ജയ്സല്‍ (37) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റില്‍.
2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
താനൂര്‍ ഒട്ടുമ്പ്രം തൂവല്‍തീര ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ജയ്‌സലും മറ്റൊരാളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. കാറില്‍ ഇരുന്നവരുടെ ചിത്രങ്ങളെടുക്കുകയും ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ 5000 രൂപ ജയ്‌സലിന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ പരാതി വ്യാജമാണെന്നായിരുന്നു അന്ന് ഇതിനെതിരെ ജയ്‌സല്‍ പ്രതികരിച്ചത്.
താനൂര്‍ പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജയ്‌സല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവിധ ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്.