അജ്ഞാതരുടെ ആക്രമണം ടാന്‍സാനിയന്‍ താരം കിലി പോളിന് പരിക്ക്

News Desk
അജ്ഞാതരുടെ ആക്രമണം മൂലം ടാന്‍സാനിയന്‍ താരം കിലി പോളിന് പരിക്ക് പറ്റി, ടാന്‍സാനിയ: സോഷ്യല്‍ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. വടിയും കത്തിയും ഉപയോഗിച്ചാണ് അക്രമികള്‍ കിലിയെ മര്‍ദിച്ചത്. അക്രമത്തെ ചെറുത്ത താരം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കിലി തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ ആക്രമണത്തെക്കുറിച്ച്‌ വെളിപ്പെടുത്തൽ നടത്തിയത്. ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തില്‍ അഞ്ച് തുന്നലുകള്‍ ഉണ്ടെന്നും കിലി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 'അഞ്ചംഗ സംഘം എന്നെ മര്‍ദിക്കുകയായിരുന്നു. എന്റെ വലതുകാലിന്റെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് തുന്നലിട്ടിട്ടുണ്ട്. വടിയും കത്തിയുമുപയോഗിച്ചാണ് അവരെന്നെ അക്രമിച്ചത്. ഭാഗ്യവശാല്‍ ഞാന്‍ രക്ഷപ്പെടുകയായിരുന്നു. ദൈവത്തിന് നന്ദി, എല്ലാവരും എനിക്കു വേണ്ടി പ്രാര്‍ഥിക്കണം'-കിലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇങ്ങനെ പറഞ്ഞു. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങളും മറ്റു ഡയലോഗുകളും അനുകരിക്കുന്ന ടാന്‍സാനിയന്‍ താരത്തിന് സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ കിലിയെ ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആദരിക്കുകയുണ്ടായി.