ഉപ്പിന്‍റെ അളവ് ഭക്ഷണത്തിൽ കുറയ്ക്കുന്നതും ശരീരത്തിന് വളരെ അപകടകരം
May 13, 2022
ഭക്ഷണത്തിൽ ഉപ്പിന്‍റെ അളവ് കുറയ്ക്കുന്നവരെ കാത്തിരിക്കുന്നത് 'ഹൃദയസ്തംഭനവും മരണവും'
ഭക്ഷണത്തിലെ ഉപ്പിന്‍റെ അളവ് കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നതാണ് പൊതുവെയുള്ള ധാരണ. ഈ രീതി വച്ചിട്ടാണ് പല ആരോഗ്യ സംഘടനകളുടെയും പോഷണത്തെ സംബന്ധിച്ച മാര്‍ഗനിർദേശങ്ങളെ തയാറാക്കിയിരിക്കുന്നത്.
എന്നാല്‍ ഉപ്പിന്‍റെ അംശം ഭക്ഷണത്തില്‍ തീരെ കുറഞ്ഞ് പോകുന്നത് പ്രമേഹ രോഗികളില്‍ അടക്കം ചിലർക്കെങ്കിലും ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഉപ്പിന്‍റെ അംശം തീരെ കുറയുന്നത് കൊളസ്ട്രോളും ഇന്‍സുലിന്‍ പ്രതിരോധവും വര്‍ധിപ്പിക്കുമെന്നാണ് പുതിയ നിരീക്ഷണപഠനങ്ങളിലെ കണ്ടെത്തല്‍. ആരോഗ്യവാന്മാരായ വ്യക്തികളില്‍ കുറഞ്ഞ സോഡിയം തോത് 2.5 മുതല്‍ 4.6 ശതമാനം വരെ ചീത്ത കൊളസ്ട്രോള്‍(എല്‍ഡിഎല്‍) തോതും 5.9 മുതല്‍ ഏഴ് ശതമാനം വരെ ട്രൈഗ്ലിസറൈഡ് തോതും വര്‍ധിപ്പിക്കുമെന്ന് കണക്കാക്കുന്നു. ഇത് ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും പല മടങായി കൂട്ടുന്നു. .
പ്രതിദിനം 3000 മില്ലിഗ്രാമില്‍ താഴെ സോഡിയം ഉപയോഗിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നതായി മറ്റു ചില പഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നതായി ഷാലിമാര്‍ ബാഗ് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡയറക്ടറും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. നിത്യാനന്ദ് ത്രിപാഠി ദഹെല്‍ത്ത്സൈറ്റ്.കോമില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്.
സോഡിയത്തിന്‍റെ ഉപയോഗവും ടൈപ്പ് 1, 2 പ്രമേഹങ്ങളും മൂലമുള്ള മരണത്തെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ പല ഗവേഷണ റിപ്പോര്‍ട്ടുകളും നിലവിലുണ്ടെന്നും ഡോ. നിത്യാനന്ദ് ചൂണ്ടിക്കാണിക്കുന്നു. പല മാര്‍ഗരേഖകളും പ്രമേഹ രോഗികള്‍ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കണമെന്ന് നിര്‍ദേശിക്കുമ്പോൾ ചില പഠനങ്ങള്‍ പ്രകാരം കുറഞ്ഞ സോഡിയം തോത് പ്രമേഹ രോഗികളിലെ മരണസാധ്യതതന്നെ വര്‍ധിപ്പിക്കുന്നു.
സോഡിയത്തിന്‍റെ തോത് വളരെയധികം താഴ്ന്നു പോകുന്നത് ക്ഷീണവും ദുര്‍ബലതയും ഉണ്ടാക്കും. ചില കേസുകളില്‍ തലച്ചോറില്‍ ഇതു നീര്‍ക്കെട്ടുണ്ടാക്കുകയും തുടര്‍ന്ന് തലവേദന, ചുഴലി, കോമ, മരണം എന്നിവ സംഭവിക്കുകതന്നെ ചെയ്യാം.