പെറ്റിയടിപ്പിച്ച്‌ ജനങ്ങളെ പിഴിയാന്‍ പുതിയ രീതി

News Desk
പെറ്റിയടിപ്പിച്ച്‌ ജനങ്ങളെ പിഴിയാന്‍ പുതിയ രീതി , കൂടുതല്‍ പിടിച്ചാല്‍ കൂടുതല്‍ ലാഭം എന്നതാണ് പുതിയ ഏർപ്പാട്, തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താന്‍ നിര്‍മ്മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കുന്ന സ്വകാര്യ, പൊതുമേഖലാ ഏജന്‍സികള്‍ സ്വകാര്യ വാഹനങ്ങളിലും കാമറ ഘടിപ്പിച്ച്‌ നിരീക്ഷണം നടത്താനിറങ്ങുന്നു. കാമറയുള്ള സ്ഥലം അറിയാവുന്നതിനാല്‍ അവിടെമാത്രം നിയമലംഘനം ഒഴിവാക്കുന്നവരെ കുടുക്കാനാണ് പുതിയ പരിപാടിയായ വാഹനങ്ങളില്‍ കാമറ വച്ചുള്ള പണി. വളവുകളിലും തിരിവുകളിലും മറ്റും പൊലീസ് ചാടിവീണ് വാഹനം തടയുന്നതൊഴിവാക്കാനാണ് 'ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം' എന്ന പേരിലുള്ള നിരീക്ഷണസംവിധാനം ഒരുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പിഴയായി ഈടാക്കുന്ന തുകയില്‍ 80ശതമാനവും കാമറയ്ക്കും വാഹനത്തിനും പണം മുടക്കിയ ഏജന്‍സികള്‍ക്കാണ് ലഭിക്കുക. പരമാവധി പിഴ ചുമത്തി ലാഭം കൂട്ടാനായിരിക്കും അവര്‍ ഇതിലൂടെ ശ്രമിക്കുക. ഇതോടെ പിഴയടച്ച്‌ വാഹനഉടമകളുടെ നടുവൊടിയും. അമിതവേഗത, സീറ്റ്ബെല്‍റ്റ്- ഹെല്‍മെറ്റില്ലാത്ത യാത്ര, മൊബൈല്‍ സംസാരം, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ്, അനധികൃത പാര്‍ക്കിംഗ് എന്നിവയെല്ലാം കാമറയിൽ കണ്ടെത്തും. നിലവില്‍ ഖജനാവിലേക്കെത്തുന്ന പിഴത്തുകയില്‍ ഒരു രൂപ പോലും കുറയരുതെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ഡി.ജി.പി അനില്‍കാന്തിന്റെ ശുപാര്‍ശ അംഗീകരിച്ച്‌ പുതിയ ഡിജിറ്റല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇപ്പോഴത്തെ വരുമാനം കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. കാമറ, നിരീക്ഷണവാഹനം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തേണ്ടതും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങളെത്തിക്കാനുള്ള കണക്ടിവിറ്റിയൊരുക്കേണ്ടതും ഏജന്‍സികളാണ്. 1068കാമറകളാണ് ആദ്യഘട്ടത്തില്‍ ഇതിനായി സ്ഥാപിക്കുക. ''പൊലീസിന്റേതല്ലാത്ത വാഹനങ്ങളിലും കാമറ ഘടിപ്പിക്കും. പലേടങ്ങളിലായി മാറിമാറി നിരീക്ഷണം നടത്തും. ഇതിനുള്ള ചെലവ് ഏജന്‍സികള്‍ വഹിക്കും. -മനോജ് എബ്രഹാം അഡി.ഡി.ജി.പി, പൊലീസ് ആസ്ഥാനം പിഴത്തുക പങ്കുവയ്ക്കല്‍ (ഏജന്‍സി, സര്‍ക്കാര്‍) 80:20 ആദ്യവര്‍ഷം 70:30 രണ്ടാംവര്‍ഷം 60:40 മൂന്നാംവര്‍ഷം 4000 പൊലീസുകാരെ നിത്യേന റോഡില്‍ ഡ്യൂട്ടിക്കിടുന്നത് ഇതിനാൽ ഒഴിവാകും.