തെന്നിന്ത്യൻ സിനിമയിൽ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അര്‍ജുന്‍

News Desk
തെന്നിന്ത്യൻ സിനിമയിൽ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അര്‍ജുന്‍, അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ' വന്‍ വിജയമായിരുന്നു. ഈ വിജയത്തിന് പിന്നാലെ പ്രതിഫലം ഇരട്ടി ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് അല്ലു. ചിത്രത്തിന്റെ ഒന്നാം ഭാഗം വിജയമായതോടെ രണ്ടാം ഭാഗത്തില്‍ അല്ലുവിന്റെ പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്‌. രണ്ടാം ഭാഗത്തില്‍ 100 കോടിയാണ് അല്ലു പ്രതിഫലം വാങ്ങുക. ആദ്യ ഭാ​ഗത്തില്‍ 50 കോടി ആയിരുന്നു പ്രതിഫലം. ഇതോടെ, തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് അല്ലു. 'ആര്യ', 'ആര്യ 2' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിക്കുന്ന ചിത്രമായിരുന്നു 'പുഷ്പ'. രക്തചന്ദന കള്ള കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ എത്തിയത്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക. ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. അതേസമയം, 'പുഷ്പ 2' വിന്റെ ഷൂട്ടിംഗ് തത്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്. 'കെജിഎഫ് ചാപ്റ്റര്‍ 2' വിനേക്കാള്‍ വലിയ സിനിമയായി 'പുഷ്പ 2' നെ ഒരുക്കുന്നതിനാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്നത്.