കാമുകന്റെ വക പ്രതികാരം; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതര പരിക്ക്
May 18, 2022
സഹോദരീ കാമുകന്റെ വക പ്രതികാരം; വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതര പരിക്ക്, സ്ഫോടക വസ്തു ഒളിപ്പിച്ചത് കളിപ്പാട്ടത്തില്‍,
ഗാന്ധിനഗര്‍: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും അനന്തരവനും ഗുരുതര പരിക്ക്. ഗുജറാത്തിലെ നവ്‌സാരി ജില്ലയില്‍ മിന്താബാരി ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
വിവാഹസമ്മാനമായി ലഭിച്ച കളിപ്പാട്ടം ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ലതേഷ് ഗവിത്ത്, ജിയാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവ്‌സാരി ജില്ലയിലെ ഗംഗാപുര്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിയെയാണ് ലതേഷ് വിവാഹം ചെയ്തത്. രണ്ട് ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി നിരവധി സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സമ്മാനങ്ങള്‍ പരിശോധിക്കവേയാണ് പൊതികളിലൊന്നില്‍ ഒരു പാവ ശ്രദ്ധയില്‍പ്പെട്ടത് . ലതേഷും ജിയാനും ചേര്‍ന്ന് പാവ റിചാര്‍ജ് ചെയ്യവേ അത് പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ ലിതേഷിന് കൈകള്‍ക്കും, തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. വലത് കൈപ്പത്തി മുറിഞ്ഞുപോവുകയും ചെയ്തു. ജിയാന് തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിലാണ്.
അതേസമയം, കൊയമ്പ നിവാസിയായ രാജു പട്ടേലാണ് പാവ സമ്മാനം നല്‍കിയതെന്ന് വധുവിന്റെ മാതാപിതാക്കള്‍ പറയുന്നു. വധുവിന്റെ മൂത്ത സഹോദരിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അവരുടെ ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ഈ പൊട്ടിത്തെറിയെ കാണുന്നത്.