വിവാഹ ഷൂട്ട് ഇനി കൊച്ചി മെട്രോ ട്രെയിനിലും

News Desk
വിവാഹ ഷൂട്ടിങ്ങിനായി ഇനി കൊച്ചി മെട്രോയുടെ ട്രെയിനുകള്‍, കൊച്ചി : വിവാഹ ഷൂട്ടിങ് എവിടെ നടത്തണമെന്ന് ആലോചിക്കുന്നവര്‍ക്കു മുന്നിലേക്കു കൊച്ചി മെട്രോ. വിവാഹ ഷൂട്ടിങ്ങിനു പല പരീക്ഷണങ്ങളും നടത്താറുള്ള മലയാളികള്‍ക്കായി ഇനി മുതൽ മെട്രോ ട്രെയിനില്‍ കയറിയും ഷൂട്ട് ചെയ്യാം. അതിരുകളില്ലാതെ ആശയങ്ങള്‍ പരീക്ഷിക്കപ്പെടുന്ന വിവാഹ ഫൊട്ടോഗ്രഫി രംഗത്തേക്കാണു മെട്രോയുടെ പുതുതായ രംഗപ്രവേശം. കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു വിവാഹ ഷൂട്ടിങ്ങിനും മെട്രോ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്കു നല്‍കാനുള്ള പുതിയ തീരുമാനം. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും വച്ച് ഷൂട്ട് ചെയ്യാം. ആലുവയില്‍ നിന്നു പേട്ടയിലേക്കും തിരിച്ചും സഞ്ചരിച്ചു ഷൂട്ട് ചെയ്യാം. ഓരോന്നിനും പ്രത്യേക നിരക്കുകള്‍ നല്‍കണമെന്നു മാത്രം. നിശ്ചലമായ ട്രെയിനിലെ ഒരു കോച്ചില്‍ 2 മണിക്കൂര്‍ നേരം ഷൂട്ട് ചെയ്യണമെങ്കില്‍ 5,000 രൂപയാണു നിരക്ക്. മൂന്നു കോച്ചാണെങ്കില്‍ 12,000 രൂപ. സഞ്ചരിക്കുന്ന ട്രെയിനാണെങ്കില്‍ ഒരു കോച്ചിന് 8,000 രൂപ. മൂന്നു കോച്ചാണെങ്കില്‍ 17,500 രൂപ. ഇതിനു പുറമേ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു കോച്ചിനു 10,000 രൂപയും 3 കോച്ചുകള്‍ക്ക് 25,000 രൂപയും നല്‍കണം. ഷൂട്ടിങ്ങിനു ശേഷം ഈ നൽകിയ പണം തിരികെ ലഭിക്കുന്നതായിരിക്കും.