മൂന്ന് കോടിയുടെ സ്വര്‍ണം കടത്തി, കരിപ്പൂരില്‍ ദമ്പതികൾ പിടിയില്‍
May 01, 2022
അടിവസ്ത്രത്തിലുള്‍പ്പെടെ മൂന്ന് കോടിയുടെ സ്വര്‍ണം കടത്തി, കരിപ്പൂരില്‍ ദമ്പതികൾ പിടിയില്‍,
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3.1 കോടി രൂപയുടെ സ്വര്‍ണവുമായി ദമ്പതികൾ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ അമ്മിണിക്കാട് കുറ്റിക്കോടന്‍ അബ്ദുസമ്മദ് (48), ഭാര്യ സഫ്‌ന (35) എന്നിവരാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ദുബായ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. പരിശോധനയില്‍ തന്നെ സംശയം തോന്നിയ കസ്റ്റംസ് ഇവരെ വിശദമായി പിന്നീട് ചോദ്യം ചെയ്യുകയായിരുന്നു.
സഫ്‌നയില്‍ നിന്നും 3642 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 1166 ഗ്രാം സ്വര്‍ണ ശരീരത്തിലും അടിവസ്ത്രം, സോക്‌സ്, അരക്കെട്ട് എന്നിവിടങ്ങളിലായി 2476 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് ഒളിപ്പിച്ചത്. മിശ്രിതത്തില്‍ നിന്ന് 3099 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 1,45,365,41 രൂപ വിലവരും. 3675 ഗ്രാം സ്വര്‍ണ മിശ്രിതമാണ് അബ്ദുസമദില്‍ നിന്നും കണ്ടെടുത്തത്. 1170 ഗ്രാം സ്വര്‍ണം ശരീരത്തിലും അടിവസ്ത്രം സോക്‌സ്, അരക്കെട്ട് എന്നിവിടങ്ങളിലായി 2502 ഗ്രാം സ്വര്‍ണ മിശ്രിതവും കണ്ടെത്തി.
ഇതില്‍ നിന്നും 3141 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 1,62,852,45 രൂപ വിലലഭിക്കും.രണ്ടു പേരില്‍ നിന്നുമായി 3,10,78,797 രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ അനന്തകുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഐ.എന്‍. വിജയ, പ്രമോദ് കുമാര്‍ സവിത തുടങ്ങിയവർ ചേർന്നാണ് ഈ സ്വര്‍ണം പിടികൂടിയത്.