തിരുവാണിയൂരില്‍ ഗുണനിലവാരമില്ലാത്ത 2000 കിലോ അമൃതംപൊടി കുഴിച്ചുമൂടി
May 12, 2022
തിരുവാണിയൂരില്‍ ഗുണനിലവാരമില്ലാത്ത 2000 കിലോ അമൃതംപൊടി കുഴിച്ചുമൂടി,
കോലഞ്ചേരി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ഉപയോഗയോഗ്യമല്ല എന്നു കണ്ടെത്തിയതിനേത്തുടര്‍ന്ന് മറ്റക്കുഴിയിലെ പോഷകപ്പൊടി നിര്‍മ്മാണകേന്ദ്രത്തില്‍ തയ്യാറാക്കിയ 2195 കിലോ അമൃതം പൊടിയും 109 കിലോ വറുത്ത നിലക്കടലയും ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുഴിച്ചുമൂടി.
ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, നിലക്കടല, ബദാം, അണ്ടിപരിപ്പ് എന്നിവ ചേരുവകളാക്കി കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള നിര്‍മ്മാണകേന്ദ്രങ്ങളില്‍ തയ്യാറാക്കിവരുന്ന പോഷകപ്പൊടിയാണ് 'അമൃതം' എന്ന പേരില്‍ അംഗന്‍വാടികളിലൂടെയും മറ്റും കുട്ടികള്‍ക്ക് പൂരകപോഷകാഹാരമായി നിലവിൽ വിതരണം ചെയ്തുവരുന്നത്.
പല വിതരണക്കാരില്‍നിന്നും ശേഖരിക്കുന്ന ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും ഉപയോഗിച്ചാണ് പോഷകപ്പൊടിനിര്‍മ്മാണം ഇവിടെ നടത്തിവരുന്നത്. ഇങ്ങനെ ശേഖരിച്ച ഭക്ഷ്യ സാധനങ്ങളിൽ ഉണ്ടായ കേടുകൊണ്ടാകാം തയ്യാറാക്കിയ പൊടിയുടെ ഗുണനിലവാരത്തകര്‍ച്ചക്ക് കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
കഴിഞ്ഞ ബാച്ചില്‍ തയ്യാറാക്കിയ പോഷകപ്പൊടി വിതരണത്തിനുമുന്‍പ് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഉപയോഗയോഗ്യമല്ലാത്ത അളവില്‍ പൂപ്പലിന്റെയും രാസവസ്തുക്കളുടെയും സാന്നിദ്ധ്യം കണ്ടെത്തിയത്. ഉടനെ തന്നെ വിതരണം നിറുത്തി വയിപ്പിക്കുകയായിരുന്നു
രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പൊടിനിര്‍മ്മാണകേന്ദ്രത്തിനു ഇതുവഴി ഉണ്ടായത്.തിരുവാണിയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. കെ. സജിയുടെ മേല്‍നോട്ടത്തില്‍ മറ്റക്കുഴിയില്‍ ഈ ഭക്ഷ്യവസ്തുക്കള്‍ പൊതുജനശല്യമുണ്ടാകാത്ത രീതിയില്‍ കുഴിച്ചുമൂടി.