2000 രൂപയ്ക്ക് തലസ്ഥാനത്ത് കൂപ്പൺ നറുക്കെടുപ്പിലൂടെ ഇരുനില വീട്

News Desk
2000 രൂപയ്ക്ക് തലസ്ഥാനത്ത് കൂപ്പൺ നറുക്കെടുപ്പിലൂടെ ഇരുനില വീട്; വട്ടിയൂര്‍ക്കാവിലെ ദമ്പതികളുടെ കൂപ്പണ്‍ വില്‍പ്പനയ്ക്കെതിരെ ലോട്ടറി വകുപ്പ് തിരുവനന്തപുരം: കടത്തില്‍ നിന്നും കരകയറുവാനായി സ്വന്തം വീട് നറുക്കെടുപ്പിലൂടെ വില്‍ക്കാനിറങ്ങിയ ദമ്പതിമാർക്കെതിരെ ലോട്ടറി വകുപ്പ്. വീട് നറുക്കെടുപ്പിലൂടെ വില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്നും ഇത് തടയണമെന്നും ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് നിര്‍ദേശം നല്‍കി. വ്യക്തികള്‍ക്ക് പണം വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ലെന്നും സംഭവത്തില്‍ എസ്‌പിയ്ക്ക് പരാതി നല്‍കുമെന്നും ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വീട്ടിലെത്തി വട്ടിയൂര്‍ക്കാവ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടുടമസ്ഥരായ അജോ- അന്ന ദമ്പതികൾ കൂപ്പണ്‍ വില്‍പ്പന ഈ കാരണത്താൽ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്. കേരള ബാങ്ക് ജഗതി ശാഖയില്‍ നിന്ന് വീടുവാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നതിന് മുടക്കം വന്നതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വായ്പ അടയ്ക്കേണ്ട സമയം നീട്ടിക്കിട്ടാന്‍ മന്ത്രിയടക്കമുള്ളവരെ കണ്ടെങ്കിലും ബാങ്ക് ജീവനക്കാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം മൂലമാണ് വീട് വിറ്റ് കടം തീര്‍ക്കാന്‍ കുടുംബം തീരുമാനത്തിലെത്തിയത്. അത്യാവശ്യക്കാരാണെന്ന് കണ്ടതോടെ വാങ്ങാൻ വന്ന പലരും വിപണിവിലയും കുറച്ച്‌ നല്‍കാനാണ് ശ്രമിച്ചത്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെയാണ് നറുക്കെടുപ്പ് നടത്താന്‍ കുടുംബം തീരുമാനിച്ചത്. അക്കൗണ്ടന്റായിരുന്ന അജോയ്ക്ക് അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ടതോടെ ജോലിയും നഷ്ടമായി. എന്‍ജിനീയറായിരുന്ന അന്നയ്ക്കും കൊവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടമായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഈ സാഹചര്യത്തിൽ പരുങ്ങലിലായിരിക്കുന്നത്.
Tags