പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് ഇന്ത്യയില്‍. ആഭ്യന്തര വിപണിയിലെ കറന്‍സിയുടെ വാങ്ങല്‍ ശേഷി അനുസരിച്ച് എല്‍പിജി ലിറ്ററിന് ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്നത് ഇന്ത്യയിലാണ്. ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില ഈടാക്കുന്ന പട്ടികയില്‍ ഇന്ത്യ മൂന്നാമതാണെങ്കില്‍ ഡീസലിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനമാണ് ഉള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിനിമയ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത കറന്‍സികള്‍ക്ക് അവരുടെ ആഭ്യന്തര വിപണിയില്‍ വ്യത്യസ്ത വാങ്ങല്‍ ശേഷിയാണ് ഉള്ളത്. രാജ്യങ്ങളിലെ വരുമാനനിരക്കും വ്യത്യസ്തമാണ്. പശ്ചാത്യ രാജ്യങ്ങളുടെ കാര്യമെടുത്താല്‍ പ്രതിദിന വരുമാനത്തിന്റെ ഒരംശം മാത്രമാണ് ഒരു ലിറ്റര്‍ പെട്രോളിനു വേണ്ടി ചെലവാകുന്നത്.
എന്നാല്‍ ഇന്ത്യയില്‍ പ്രതിദിന വരുമാനത്തിന്റെ നാലിലൊരു ഭാഗവും ഒരു ലിറ്റര്‍ പെട്രോളിനുവേണ്ടി ചെലവഴിക്കേണ്ടി വരുന്നു. ഡോളറിന് 75.84 രൂപ എന്ന വിനിമയ നിരക്കിൽ കണക്കാക്കിയാല്‍ പെട്രോള്‍ ലിറ്ററിന് 120 രൂപ എന്നത് 1.58 ഡോളറാണ്. എന്നാല്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) കണക്ക് അനുസരിച്ച് 2022ലെ ഡോളറിന്റെ വാങ്ങല്‍ ശേഷി 22.6 രൂപയാണ്. ഈ രീതിയില്‍ പെട്രോള്‍ വില ഡോളറിന്റെ വാങ്ങല്‍ ശേഷിയിലേക്ക് മാറ്റിയാല്‍ ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 5.2 ഡോളര്‍ വിലയാകും.