സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗം ഉടനെ വരുന്നു, ചിത്രത്തില്‍ മഞ്ജു വാര്യരും; പ്രഖ്യാപനവുമായി നിര്‍മാതാവ്
April 25, 2022
സമ്മര്‍ ഇന്‍ ബത്‌ലഹേം' രണ്ടാം ഭാഗം ഉടനെ വരുന്നു, ചിത്രത്തില്‍ മഞ്ജു വാര്യരും; പ്രഖ്യാപനവുമായി നിര്‍മാതാവ്
മഞ്ജു വാര്യരും സുരേഷ് ഗോപിയും ജയറാമും ഒന്നിച്ച സമ്മര്‍ ഇന്‍ ബത്ലഹേം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് റിലീസായത്. സിനിമ ഇറങ്ങി 24 വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും കോമഡിയുമെല്ലാം ഇപ്പോഴും ആരാധകര്‍ ഏറെയാണ്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. അതിനാല്‍ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം പലപ്പോഴും ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്.
സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ രണ്ടാം ഭാഗം വരികയാണ്. ചിത്രത്തിന്റെ നിര്‍മാതാവായ സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു പ്രഖ്യാപനം. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. കോമഡി എന്റര്‍ടെയ്നറായി എത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. സമ്മര്‍ ഇന്‍ ബദലഹേം ശേഷം രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിച്ചിരുന്നു. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം കൊത്താണ് പുറത്തിറങ്ങാനുള്ളത്. അതേസമയം സിയാദ് കോക്കര്‍ നിര്‍മിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്ന കുറി എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.