താഴ്‌വാര'ത്തിലെ വില്ലൻ രാഘവന്‍ ; നടന്‍ സലിം ഘൗസ് അന്തരിച്ചു
April 28, 2022
താഴ്‌വാര'ത്തിലെ വില്ലൻ രാഘവന്‍ ; നടന്‍ സലിം ഘൗസ് അന്തരിച്ചു
താഴ്‌വാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടന്‍ സലിം ഘൗസ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
80 കളില്‍ ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു സലിം ഘൗസ്. ദൂരദര്‍ശന്റെ സുബ എന്ന ടിവി പരമ്പരയിൽ അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം ജനപ്രീതി നേടിയത്.
പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത 'വെട്രിവിഴ' എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായും അദ്ദേഹം തിളങ്ങി. 1990 ല്‍ ഭരതന്റെ മലയാളം ക്ലാസിക് ചിത്രം താഴ്‌വാരത്തിൽ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രവുമായി മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിച്ചു. ഉടയോന്‍ എന്ന സിനിമയിലും മോഹന്‍ലാലിനൊപ്പം പിന്നീട് വേഷമിട്ടു. ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഖോജ് എന്ന ടിവി പരമ്പരയിലെ രാമന്‍, കൃഷ്ണന്‍, ടിപ്പു സുല്‍ത്താന്‍ എന്നിവരെയും സലിം ഘൗസ് അവതരിപ്പിച്ചു.
മന്ഥന്‍, കലയുഗ്, ചക്ര, സാരന്‍ഷ്, മോഹന്‍ ജോഷി ഹാസിര്‍ ഹോ, ത്രികള്‍, അഘാത്, ദ്രോഹി, തിരുഡാ തിരുഡ, സര്‍ദാരി ബീഗം, കൊയ്ല, സോള്‍ജിയര്‍, ആക്സ്, വേട്ടക്കാരന്‍ വെല്‍ ഡണ്‍ അബ്ബ & കാ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പൂനെ എഫ്ടിഐഐയില്‍ നിന്ന് ബിരുദം നേടിയ വ്യക്തികൂടിയാണ് സലിം ഘൗസ്. മുംബൈയിലെ നാടക പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നു അദ്ദേഹം.
സലിമിന്‍റെ ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്. തലേ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു എങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.