കണ്ടക്ടറില്ലാതെ സർവീസ് നടത്തിയ ബസിന്‍റെ ഓട്ടം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു

News Desk
കണ്ടക്ടറില്ലാതെ സർവീസ് നടത്തിയ ബസിന്‍റെ ഓട്ടം മോട്ടോർ വാഹന വകുപ്പ് തടഞ്ഞു
വടക്കഞ്ചേരിയില്‍ കണ്ടക്ടറും ക്ലീനറുമില്ലാതെ ഓടിയിരുന്ന ജില്ലയിലെ ആദ്യ സിഎന്‍ജി ബസിന്‍റെ സര്‍വീസ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടു തടഞ്ഞു. മോട്ടര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ സര്‍വീസ്‌ നിര്‍ത്തിവയ്ക്കാന്‍ വാഹന ഉടമയോട് ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സര്‍വീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിര്‍ദേശം നല്‍കി.കഴിഞ്ഞ ഞായറാഴ്ച മുതലാണ് കണ്ടക്ടറും ക്ലീനറുമില്ലാത്ത ബസ് സര്‍വീസ് ആരംഭിച്ചത്. വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് തുടക്കമിട്ടത് . ബസിലെ ബോക്സില്‍ യാത്രക്കാര്‍ അവരുടെ പണം നിക്ഷേപിച്ചാല്‍ മാത്രം മതി. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും. ചിലര്‍ നല്‍കിയ പരാതിയിന്മേലാണ് മോട്ടര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം , തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച്‌ വടക്കഞ്ചേരിയിലേക്കുമാണ് ബസ് സര്‍വീസുകള്‍ നട‌ത്തുന്നത്. ടിക്കറ്റ് നല്‍കിയും കണ്ടക്ടറെയും വെച്ചാല്‍ ബസ് ഓടിക്കാം എന്നാണ് അധികൃതര്‍ നിർദേശിക്കുന്നത്. ഈ പുതിയ പരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ട‌പ്പെടുത്തുമെന്ന ഭീതിയില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു.
Tags