റിഫ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ് ചുമത്തി

News Desk
റിഫ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ് ചുമത്തി : ആല്‍ബം താരവും വ്ലോഗറുമായിരുന്ന റിഫ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കോഴിക്കോട് കാക്കൂര്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പുകള്‍ ചേർത്താണ് കേസ്. മെഹ്നാസിന്റ മാനസികവും ശാരീരികവുമായ പീഡനം റിഫയുടെ മരണത്തിന് പ്രധാന കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. മാര്‍ച്ച്‌ ഒന്നിന് ദുബായിലെ ഫ്ലാറ്റിലാണ് ബാലുശേരി സ്വദേശിനിയായ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നാസ് പുറത്തുപോയ സമയത്ത് റിഫ ആത്മഹത്യ ചെയ്തെന്നാണ് പോലിസ് കണ്ടെത്തല്‍. ഭര്‍ത്താവിന്റ പീഡനം കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് റിഫയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കാക്കൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മെഹ്നാസിന്റ ശാരീരികവും മാനസികവുമായി പീഡനം ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതോടെയാണ് മെഹ്നാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.സ്ത്രീയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക,
ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കാസര്‍കോട് നീലേശ്വരം സ്വദേശിയായ മെഹ്നാസ് ഇപ്പോള്‍ നാട്ടിലുണ്ട്. റിഫയുടെ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്.