വീട്ടില്‍ നിന്നും പോലിസ് ഇറക്കിക്കൊണ്ട് പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

News Desk
വീട്ടില്‍ നിന്നും പോലിസ് ഇറക്കിക്കൊണ്ട് പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: പൊലീസ് വീട്ടില്‍ നിന്നും കസ്‌റ്റഡിയിലെടുത്തു കൊണ്ടു പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ചെറുവണ്ണൂര്‍ ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 ഓടെ നല്ലളം പൊലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് രാത്രി 9.30 ഓടെ വഴിയരികില്‍ അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ജിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിഷ്ണുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം തങ്ങള്‍ ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് അറിയിച്ചു. കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ വീട്ടിലെക്ക് പോയിരുന്നു. എന്നാല്‍ ആ സമയം ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല അതിനാല്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. പോലിസ് നൽകുന്ന വിശദീകരണം ജിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നു തന്നെയാണ്.