'ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം'സെമിനാർ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

WEB DESK
1 minute read


തിരുവനന്തപുരം  : അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം' എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും ചേർന്ന് തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം.വി ജയാഡാളി അധ്യക്ഷയായ പരിപാടിയിൽ ഭിന്നശേഷി അവകാശ പ്രവർത്തകയും ഗവേഷകയുമായ ഡോ. വി. ശാരദാദേവി വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുകയുണ്ടായി. ഭിന്നശേഷിക്കാരായ വനിതകൾക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന വിവേചനങ്ങളെ സംബന്ധിച്ചും അവരുടെ അവകാശങ്ങളെ സംബന്ധിച്ചും സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങളെ കുറിച്ചും ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി ആർ. ബിന്ദു സംസാരിച്ചു.

ഭിന്നശേഷി വനിതകൾക്ക് തടസ്സരഹിത ജീവിതം ഉറപ്പു കൊടുക്കാൻ സർക്കാരിനും സമൂഹത്തിനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് അടിവരയിട്ട് സൂചിപ്പിച്ച സെമിനാർ അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും ശാക്തീകരണത്തിനും ഉന്നമനത്തിനുമെല്ലാം വേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്തു.

 കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ എ.ഷിബു. ഐ.എ.എസ്. സ്വാഗതം പറഞ്ഞു.പ്രിൻസിപ്പാൾ ഡോ. ചാന്ദ്നി സാം സംസാരിച്ചു. എസ്.ഐ.ഡി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എസ് സഹീറുദ്ദീൻ നന്ദി പറഞ്ഞു. ഭിന്നശേഷി മേഖലയിൽ നിന്നുള്ള സ്ത്രീകളും അക്കാദമിക് രംഗത്തെ പ്രമുഖരും സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി.
Tags