വരാപ്പുഴ സ്‌ഫോടനം; വീട് വാടകയ്‌ക്കെടുത്ത ജന്‍സനെ മുഖ്യപ്രതിയാക്കി കേസെടുക്കും

News Desk
കൊച്ചി: വരാപ്പുഴയില്‍ വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പോലീസ് ഇന്ന് അന്വേഷണം തുടങ്ങും. ലൈസന്‍സ് ഇല്ലാതെ അനധികൃതമായാണ് കെട്ടിടത്തില്‍ പടക്കങ്ങള്‍ സൂക്ഷിച്ചതെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വീട് വാടകയ്‌ക്കെടുത്ത ജന്‍സനെ മുഖ്യപ്രതിയാക്കിയായിരിക്കും പോലീസ് അന്വഷണം പുരോഗമിക്കുക. ഫോറന്‍സിക് വിദഗ്ധരടക്കം സ്‌ഫോടനം നടന്ന പ്രദേശത്ത് എത്തി ഇന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തും.

സ്‌ഫോടനത്തില്‍ പരിക്കേറ്റ ജന്‍സന്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്. ജന്‍സന് പടക്കം വില്‍ക്കാനുള്ള ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ ലൈസന്‍സിന്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പടക്കങ്ങള്‍ സംഭരിച്ച് വയ്ക്കുകയായിരുന്നു. ഉഗ്രശബ്ദത്തോട് കൂടിയുണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടിട്ടുണ്ട്. പതിനഞ്ചോളം വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പടക്കങ്ങള്‍ക്ക് പുറമെ മറ്റ് സ്‌ഫോടക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നോയെന്നും പോലീസ് പരിശോധന നടത്തും.

അപകടത്തില്‍ മരിച്ച ഡേവിസിന്‌റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മുഖ്യപ്രതി ജൻസന്റെ ബന്ധുവാണ് 50ാരനായ ഡേവിസ്. മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത് . പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. തൊട്ടടുത്തുള്ള വീടുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ജനലുകള്‍ തകര്‍ന്ന നിലയിലാണ്. പ്രദേശത്തെ മരങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയ വീട്ടിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്തായി ധാരാളം വീടുകളുള്ള പ്രദേശമാണിത്. പടക്കശാലയില്‍ ജോലി ചെയ്തിരുന്നവര്‍ തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തില്‍ തഹസീല്‍ദാരോടും പഞ്ചായത്ത് സെക്രട്ടറിയോടും കളക്ടര്‍ വിശദീകരണം തേടി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്