വികസന പദ്ധതികൾ ജനകീയ ആഘോഷമാക്കി ചർച്ച ചെയ്യുന്നതിൽ കാവ് ഫെസ്റ്റ് മാതൃക: മന്ത്രി വി അബ്ദുറഹ്മാൻ
February 16, 2023
വികസന പദ്ധതികൾ ജനകീയ ആഘോഷമാക്കി ചർച്ച ചെയ്യുന്നതിൽ കാവ് ഫെസ്റ്റ് മാതൃക: മന്ത്രി വി അബ്ദുറഹ്മാൻ
ജനകീയ കൂട്ടായ്മയോടെ വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിൽ കാവ് ഫെസ്റ്റ് മാതൃകയാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. വട്ടിയൂര്‍ക്കാവ് മണ്ഡലം രണ്ടാമത് വട്ടിയൂര്‍ക്കാവ് ഫെസ്റ്റിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസന പദ്ധതികളുടെ ആസൂത്രണം ജനങ്ങൾ ആഘോഷമായി നടത്തുന്ന കാഴ്ചയാണ് കാവ് ഫെസ്റ്റിൽ കാണാൻ കഴിഞ്ഞത്. കേരളത്തിൽ ഉടനീളം ഇത്തരം കൂട്ടായ്മകൾ നടക്കുകയാണ്. പരസ്പര സഹകരണം കൊണ്ടാണ് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തുമൊക്കെ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ നടന്‍ ഇന്ദ്രന്‍സിന് പ്രഥമ കാവ് ശ്രീ പുരസ്‌കാരം മന്ത്രി വി അബ്ദുറഹ്മാൻ സമ്മാനിച്ചു. വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. വട്ടിയൂർക്കാവ് നഗര വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ ഉടൻ ജോലി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരമ്പാറയിൽ നിന്ന് ആരംഭിച്ച വർണശബളമായ ഘോഷയാത്രയോടെയാണ് സമാപന പരിപാടികൾ ആരംഭിച്ചത്.
നെട്ടയം സെന്‍ട്രല്‍ പോളിടെക്നിക് മൈതാനത്ത് നടന്ന പരിപാടികൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചടങ്ങിൽ സിനിമാതാരം നന്ദു, വിവിധ വാർഡ് കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഫെബ്രുവരി 10 ന് വികസന സെമിനാറോടെ തുടങ്ങിയ കാവ് ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ ബാൻഡുകളുടെ സംഗീത പരിപാടി, നൃത്തം, കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാ-സാംസ്‌കാരിക മല്‍സരങ്ങള്‍, സി.പി.ടി വിദ്യാര്‍ഥികളുടെ കലാമേള, വയലിന്‍ ഫ്യൂഷന്‍, സ്റ്റാര്‍ട്ടപ് മിഷന്‍ ഏകോപിപ്പിച്ച യുവജന സംഗമം, ജവഹര്‍ ബാലഭവന്‍ ഏകോപിപ്പിച്ച അംഗന്‍ കലോല്‍സവം, വയോജന സംഗമം എന്നിവ അരങ്ങേറി. പ്രദര്‍ശനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടന്നു