കെ എം ബഷീറിന്റെ ഘാതകന്റെ നിയമനഉത്തരവ് : മാധ്യമ പ്രവർത്തക കൂട്ടായ്മ പ്രതിഷേധിച്ചു.

News Desk
കെ എം ബഷീറിന്റെ ഘാതകന്റെ നിയമനഉത്തരവ് : മാധ്യമ പ്രവർത്തക കൂട്ടായ്മ പ്രതിഷേധിച്ചു. തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കളക്‌ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച്‌ മാധ്യമ പ്രവർത്തക കൂട്ടായ്മ പ്രതിഷേധിച്ചു.കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റ്‌ ധർണ നടത്തി. സി പി ജോൺ ഉദ്‌ഘാടനം ചെയ്‌തു. ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്‌ടറാക്കിയത്‌ തികച്ചും അധാർമിക നിയമനമാണെന്ന്‌ സി പി ജോൺ പറഞ്ഞു. ചെറുപ്പക്കാരനായ ഒരു മാധ്യമപ്രവർത്തകനെ മദ്യപിച്ചു ലക്കുകെട്ട്‌ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയശേഷം ഒരു കുറ്റബോധവുമില്ലാതെയാണ്‌ കേസിൽനിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ചത്‌ തന്നെ. ഈ നെറികേടിന്‌ ഉദ്യോഗസ്ഥ ലോബിയുടെ സർവപിന്തുണയുമുണ്ടായിരുന്നു. ഇത്തരം കൃത്രിമക്കാരായ ഉദ്യോഗസ്ഥർക്കുള്ള പച്ചക്കൊടിയാണ്‌ ഈ നിയമനം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരായ ശക്തമായ മുന്നറിയിപ്പാണ്‌ പത്രപ്രവർത്തക യൂണിയന്റെയും സമരമെന്നും ജോൺ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ സാനു ജോർജ് തോമസ് , നിയുക്ത ജനറൽ സെക്രട്ടറി ആർ കിരൺബാബു, ജില്ലാ സെക്രട്ടറി അനുപമ ജി നായർ തുടങ്ങിയവർ സംസാരിക്കുകയുണ്ടായി