പുതിയ പരിഷ്‌കാരങ്ങളുമായി ഡ്രൈവിംഗ് സ്കൂളുകൾ

News Desk
ഡ്രൈവിങ് സ്കൂളുകൾ ഇനി പുതിയ പരിഷ്‌കാരങ്ങളിലേക്ക്, ഡ്രൈവിങ് സ്‌കൂളുകളുടെ രൂപവും ഭാവവും മാറുന്നു. ഇനി ആര്‍ക്കും പെട്ടെന്ന് ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാകില്ല. പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍, ചെറിയ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനത്തിന്റെ രീതിയിലേക്ക് മാറുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാകുന്നതോടെ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ആര്‍.ടി.ഓഫീസുകളില്‍ പോകേണ്ട. എഴുത്തുപരീക്ഷയും ടെസ്റ്റുമെല്ലാം ഡ്രൈവിങ് സ്‌കൂളുകള്‍തന്നെ നടത്തുന്ന രീതിയിലേക്ക് മാറുന്നു. കര്‍ശനനിബന്ധനകളാണ് ഇതിന് വേണ്ടി വരുന്നത്. മാറ്റങ്ങള്‍ ജൂലായ് മുതല്‍ നടപ്പാക്കാനാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച്‌ ഡ്രൈവിങ് സ്‌കൂളുകളെ രണ്ട് കാറ്റഗറിയായി തിരിക്കും. കുറഞ്ഞത് ഒരേക്കര്‍ സ്ഥലവും അനുബന്ധസൗകര്യങ്ങളുമുള്ളവര്‍ക്കേ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ പരിശീലനം നല്‍കാന്‍ കഴിയൂ. വാണിജ്യവാഹനങ്ങളുടെ സ്‌കൂളാണെങ്കില്‍ സ്ഥലവും സൗകര്യങ്ങളും കൂടുതല്‍ വേണം. പരിശീലകര്‍ക്ക് നിശ്ചിത വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട്.
ഡ്രൈവിങ് ലൈസന്‍സിലും മാറ്റങ്ങളുണ്ട്. ലൈസന്‍സ് രണ്ടുതരമായി തിരിക്കും. ടാക്‌സി വാഹനങ്ങളുംമറ്റും ഓടിക്കുന്നവര്‍ക്ക് വാണിജ്യ ലൈസന്‍സാണ് നല്‍കുക; സ്വകാര്യവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് വ്യക്തിഗത ലൈസന്‍സും. രേഖകള്‍ നല്‍കി ഓണ്‍ലൈനായാണ് അപേക്ഷകള്‍ ഇതിനായി സമര്‍പ്പിക്കേണ്ടത്. ലൈസന്‍സ് നേടാന്‍ പാഠ്യപദ്ധതിയും ഗതാഗതമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ടുഭാഗങ്ങളായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിനുള്ള എല്‍.എം.വി. കോഴ്സിന്റെ പഠനദൈര്‍ഘ്യം നാലാഴ്ച. 29 മണിക്കൂര്‍ തിയറിയും പഠിക്കണം. വാണിജ്യലൈസന്‍സിനായി ആറാഴ്ചയില്‍ 38 മണിക്കൂര്‍ പഠിക്കണം. 31 മണിക്കൂര്‍ പ്രാക്ടിക്കലും ഏഴുമണിക്കൂര്‍ തിയറിയുമാണ്. പരിശീലനകേന്ദ്രത്തില്‍ ബയോമെട്രിക് സംവിധാനങ്ങള്‍ വേണം. ഡ്രൈവിങ് സ്‌കൂളുകളുടെ പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്കേ ഇനി മുതൽ ലൈസന്‍സ് ലഭിക്കുകയുള്ളു.
Tags