ടാറ്റ മോട്ടോഴ്സിന് പതിനായിരം കാറുകളുടെ ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈന്‍ ടാക്സി കമ്പനി

News Desk
വിശ്വാസം ഇന്ത്യന്‍ കമ്പനിയെ , വിദേശകാറുകള്‍ പോര ; ടാറ്റ മോട്ടോഴ്സിന് പതിനായിരം കാറുകളുടെ ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈന്‍ ടാക്സി കമ്പനി, ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന് പതിനായിരം കാറുകളുടെ ബള്‍ക്ക് ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈന്‍ ടാക്സി കമ്പനി ബ്ളൂസ്മാര്‍ട്ട് ഇലക്‌ട്രിക്ക് മൊബിലിറ്റി. ഇലക്‌ട്രിക്ക് കാറുകള്‍ മാത്രം വച്ച്‌ ടാക്സി സര്‍വ്വീസ് നടത്തുന്ന ഇന്ത്യയിലെ ചുരുക്കം ചില ടാക്സി കമമ്പനികളിൽ ഒന്നാണ് ബ്ളൂസ്മാര്‍ട്ട്. ടാറ്റയുടെ ഇലക്‌ട്രിക്ക് മോഡലായ എക്സ്‌പ്രസ് - ടി ഇവിയുടെ 10,000 മോഡലുകളാണ് ബ്ളൂസ്മാര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഓര്‍ഡറായാണ് ഇതിനെ കാണുന്നത്. എക്സ്‌പ്രസ് - ടി ഇവിയുടെ 3500 യൂണിറ്റുകളുടെ ഓര്‍ഡര്‍ ഇതിനു മുമ്പും ബ്ളൂസ്മാര്‍ട്ട് ടാറ്റയ്ക്ക് നല്‍കിയിരുന്നു. അതിനു പുറമേയാണ് ഇന്ന് നല്‍കിയ പുതിയ ഓര്‍ഡര്‍. ലോകപരിസ്ഥിതി ദിനതോടനുബന്ധിച്ചു ഇത് സംബന്ധിച്ച കരാറില്‍ ബ്ളൂസ്മാര്‍ട്ടിന്റെയും ടാറ്റ മോട്ടോഴ്സിന്റെയും കമ്പനി പ്രതിനിധികള്‍ ഒപ്പുവച്ചു. നിരവധി വിദേശ കമ്പനികളും ഈ കരാറിനായി ശ്രമിച്ചിരുന്നെങ്കിലും ബ്ളൂസ്മാര്‍ട്ട് ഒടുവില്‍ ഇന്ത്യന്‍ നിര്‍മാതാക്കളായ ടാറ്റയെ മാത്രം തിരഞ്ഞെടുക്കുകയായിരുന്നു. ടാറ്റയുടെ തന്നെ തിഗോര്‍ ഇവിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച വാഹനമാണ് എക്സ്‌പ്രസ് ടി ഇവി. വാണിജ്യാടിസ്ഥാനത്തില്‍ മാത്രം വില്‍ക്കപ്പെടുന്ന എക്സ്‌പ്രസ് - ടി ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. 21.5 കിലോ വാട്ടിലും 16.5 കിലോവാട്ടിലും എത്തുന്ന വാഹനങ്ങള്‍ യഥാക്രമം 213, 165 കിലോമീറ്ററിന്റെ റേഞ്ച് അവകാശപ്പെടുന്നുണ്ട്