മണിച്ചന്റെ മോചനത്തിന് ഗവര്‍ണറുടെ അംഗീകാരം

News Desk
കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ പ്രതി മണിച്ചന്റെ മോചനത്തിന് ഗവര്‍ണറുടെ അംഗീകാരം, തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തകേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മണിച്ചന്റെ മോചനത്തിനുള്ള വഴി തെളിയുന്നു. 22 വര്‍ഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ നിലയ്ക്കാണ് മോചനം. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭയുടെ ശിപാര്‍ശക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട് . അതേസമയം, മണിച്ചന് മോചനം ഉറപ്പാക്കാന്‍ പിഴത്തുകയായ 22 ലക്ഷം രൂപ അടയ്ക്കണം. വിചാരണ കോടതി ശിക്ഷയ്‌ക്കൊപ്പം ചുമത്തിയതാണ് പിഴയായി ഈ തുകയും.
ശിക്ഷയില്‍ ഇളവ് ലഭിക്കുന്നവരില്‍ 14 പേര്‍ രാഷ്ട്രീയ തടവുകാരാണ്. സിപിഎം, ആര്‍.എസ്.എസ് പ്രവര്‍ത്തകരും ശിക്ഷയില്‍ ഇളവ് നേടുന്നുണ്ട്. കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാം പ്രതിയ്ക്കും ഇപ്പോൾ ശിക്ഷ ഇളവ് ലഭിക്കും. ബലാത്സംഗ കേസുകളിലെ രണ്ട് പ്രതികളും ഇളവ് നേടുന്നവരിലുണ്ട് 16 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ക്കാണ് മോചനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തിലുള്ളത്. നേരത്തെ സര്‍ക്കാര്‍ അയച്ച ശുപാര്‍ശയില്‍ ഗവര്‍ണര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു സര്‍ക്കാര്‍ നല്‍കിയ മറുപടി വിശദമായി പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിരിക്കുന്നത്. ശിക്ഷാ കാലയളവു കഴിഞ്ഞ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ടു മുന്‍ ജഡ്ജി അധ്യക്ഷനായ ജയില്‍ ഉപദേശക സമിതി ഉണ്ടായിരിക്കെ അവരെ മറികടന്നു ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണിച്ചന്‍ അടക്കമുള്ളവരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. മോചനം സംബന്ധിച്ച്‌ മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ശിപാര്‍ശ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹര്‍ജി മാറ്റിവച്ചിരിക്കുകയായിരുന്നു. 2000 ഒക്ടോബറില്‍ 31ന് കൊല്ലം കല്ലുവാതുക്കലില്‍ ഉണ്ടായ മദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും 6 പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. മണിച്ചന്റെ വീട്ടിലും ഭൂഗര്‍ഭ അറകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവരും ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ഇളവ് നല്‍കി കഴിഞ്ഞ വര്‍ഷം ഇവരെ വിട്ടയക്കുകയായിരുന്നു.