മത്സരയോട്ടം നടത്തിയാല്‍ ഇനി കര്‍ശന നടപടി : മന്ത്രി
June 21, 2022
മത്സരയോട്ടം നടത്തിയാല്‍ ഇനി കര്‍ശന നടപടി : രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കും,
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് കർശന നിര്‍ദ്ദേശം നല്‍കി.
രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യാനാണ് മന്ത്രിയുടെ കർശന നിര്‍ദേശം. പരിശോധനാ വേളയില്‍ നിര്‍ത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിൽ നേരിട്ടെത്തി പിഴ ഈടാക്കുമെന്നുള്ള കാര്യവും മന്ത്രി അറിയിച്ചിട്ടുണ്ട്.
പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കുകളിൽ മാത്രം നടത്തേണ്ടുന്ന മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ ഈ പുതിയ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായതും ഗുരുതരവുമായ ഇത്തരം നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന 'ഓപ്പറേഷന്‍ റേസ്' എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കുമെന്നും ആന്റണി രാജു അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം വിഴിഞ്ഞ് നടന്ന അപകടത്തെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ്: ''വിഴിഞ്ഞം ഭാഗത്ത് മത്സരപ്പാച്ചിലിനിടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു ചെറുപ്പക്കാര്‍ ദാരുണമായി മൃതിയടഞ്ഞത് നാം ഏവരെയും വിഷമത്തിലാഴ്ത്തിയ ഒരു വാര്‍ത്തയാണ്. വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങള്‍ക്കുള്ളതാണ്. അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോൾ നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്. എന്തിനാണീ മത്സരം..? ഫോട്ടോയും വിഡിയോയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നവര്‍ക്കും, കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുമല്ല നഷ്ടം, മക്കളെ നഷ്ടമാകുന്ന മാതാപിതാക്കള്‍ക്കാണ്.''
''മക്കളുടെ നിരന്തര നിര്‍ബന്ധത്താല്‍ വാങ്ങിക്കൊടുക്കുന്ന ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പെര്‍ഫോര്‍മന്‍സ് ബൈക്കുകള്‍. സ്വയം നിയന്ത്രിക്കാന്‍ തക്കവണ്ണം മാനസിക പക്വത ഇല്ലാത്തവര്‍ ഇത്തരം ബൈക്കുകളില്‍ ആവേശപൂര്‍വ്വം കാട്ടുന്ന അഭ്യാസപ്രകടനങ്ങ്ള്‍ മൂലം വരുത്തിവയ്ക്കുന്ന നഷ്ടം അവര്‍ക്കും കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കൂടിയാണ്. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകള്‍ പാലിക്കാം. അപകടങ്ങള്‍ ഒഴിവാക്കാം.മാതൃകാപരമായി റോഡ് നിയമങ്ങൾ പാലിച്ചു വാഹനമോടിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം ".