പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി കേരളത്തിന് സന്തോഷ് ട്രോഫി കിരീടം
May 03, 2022
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി കേരളത്തിന് സന്തോഷ് ട്രോഫി കിരീടം
മലപ്പുറം :സന്തോഷ് ട്രോഫി ഫൈനലില്‍ ടൈബ്രേക്കറില്‍ ബംഗാളിനെ വീഴ്ത്തി കേരളം കിരീടം ചൂടി. അധിക സമയത്തിലേക്ക് നീണ്ട കളിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4ന് കേരളം ബംഗാളിനെ തകര്‍ത്തു.
കേരളത്തിന്റെ ഏഴാം കിരീടമാണിത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടവുമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.
നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു. ഇതോടെ മത്സരം ഷൗട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. ഇതോടെ മലയാളികളുടെ മനസില്‍ സന്തോഷം നിറഞ്ഞു.
എക്സ്ട്രാ ടൈമിലെ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. ഇതോടെ കടന്നാക്രമിച്ച കേരളം 116-ാം മിനിറ്റില്‍ സമനില കണ്ടെത്തി. മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു.
സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന് എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്.