പഞ്ചാബിലെ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസില്‍ സ്‌ഫോടനം

News Desk
പഞ്ചാബിലെ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസില്‍ സ്‌ഫോടനം, ചണ്ഡിഗഢ് : പഞ്ചാബിലെ മൊഹാലിയിൽ പൊലീസിന്റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. എൻ ഐ എ അന്വേഷണം ആരംഭിച്ചു. ആക്രമണമാണോ എന്നതിന് വ്യക്തത വരാനുണ്ടെന്നാണ് പഞ്ചാബ് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത് . പ്രദേശത്ത് അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ റിപ്പോര്ട്ട് തേടി. കെട്ടിടത്തിനകത്തേക്ക് അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം നിലയിലെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ടെന്നാണ് സംഭവ സ്ഥലത്തു നിന്നുള്ള ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം രഹസ്യാന്വേഷണ ഓഫീസിൽ സൂക്ഷിച്ച ആയുധം പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നു.