ഷിഗെല്ല വീണ്ടും കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചു
April 28, 2022
ഷിഗെല്ല വീണ്ടും കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചു
കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പുണ്ട്.
രോഗം സ്ഥിരീകരിച്ചത് ഒരാളില്‍ മാത്രമാണെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത് . ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ നിലവിലില്ല. പുതിയാപ്പയിലെ എരഞ്ഞിക്കല്‍ എന്ന സ്ഥലത്തുള്ള ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 16നാണ് കുട്ടിയില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഛര്‍ദ്ദിയും പനിയും വിട്ടുമാറാതെ വന്നതോടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ കുട്ടി ഇപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. മറ്റൊരു കുട്ടിയ്ക്ക് കൂടി രോഗമുള്ളതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ടെങ്കിലും ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്.