ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധന; ഏറ്റവും ഉയർന്ന കേസുകളുമായി രാജ്യം

News Desk



ബീജിംഗ്: ചൈനയിൽ കോവിഡ് പ്രതിദിന കേസുകളിൽ വൻ വർധന. ബുധനാഴ്ച 20,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വുഹാനിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. കോവിഡ് ഏറ്റവും രൂക്ഷമായ ഷാങ്ഹായിയിൽ ലോക്ഡൗൺ തുടരുകയാണ്. കോവിഡ് മുക്തമാക്കാനുള്ള ചൈനയുടെ പരിശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് പുതിയ തരംഗം. മാർച്ച് വരെ കോവിഡ് കേസുകൾ താഴ്ന്ന നിലയിലായിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം ഷാങ്ഹായിയിൽ വ്യാപിച്ചത്.

ചൈനയിൽ ബുധനാഴ്ച 20,472 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്തവരിൽ ഏറെപേർക്കും പ്രകടമായ ലക്ഷണങ്ങളൊന്നുമില്ല. കോവിഡ് ബാധിക്കുന്ന കുട്ടികളെ, നവജാതെര പോലും മാതാപിതാക്കളിൽ നിന്ന് മാറ്റിപ്പാർക്കുന്നത് കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കുകയാണ്. പുതിയ രോഗികളിൽ 80% പേരും ഷാങ്ഹായ് നഗരത്തിലാണ്. ലോക്ഡൗണിലായ നഗരത്തിൽ വ്യാപകമായി കോവിഡ് പരിശോധന നടത്തുകയാണ്.