മണ്ണെണ്ണ വില കേരളത്തിൽ റേഷൻ കടകളിൽ 81 രൂപ; 300 മീറ്റർ ദൂരെ അതിർത്തിക്കപ്പുറം 16 രൂപ
April 30, 2022
മണ്ണെണ്ണ വില കേരളത്തിൽ റേഷൻ കടകളിൽ 81 രൂപ; 300 മീറ്റർ ദൂരെ അതിർത്തിക്കപ്പുറം 16 രൂപ:
വാളയാർ (പാലക്കാട്) ∙ ഇന്ധന വിലക്കയറ്റത്തിന്റെ ഭീകരത വാഹനമില്ലാത്തവർ അറിയുന്നതു റേഷൻകടയിൽ മണ്ണെണ്ണ വാങ്ങാനെത്തുമ്പോഴാകും. മണ്ണെണ്ണ വിലക്കയറ്റത്തിൽ കേരളം പൊള്ളുമ്പോൾ തൊട്ടടുത്ത അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വില ലീറ്ററിനു 16 രൂപ മാത്രം. കേരളത്തിൽ റേഷൻകടകളിലൂടെ 81 രൂപയ്ക്കു ലഭിക്കുന്ന മണ്ണെണ്ണയാണു കോയമ്പത്തൂരിൽ അഞ്ചിലൊന്നു വിലയ്ക്കു ലഭിക്കുന്നത്. അതായത്, സംസ്ഥാന അതിർത്തിയായ വാളയാറിൽ ലീറ്ററിന് 81 രൂപ വിലയുള്ള മണ്ണെണ്ണ 300 മീറ്റർ ദൂരെ ചാവടിയിലെത്തിയാൽ 16 രൂപയ്ക്കു ലഭിക്കും.
തമിഴ്നാട് സർക്കാർ സബ്സിഡി നൽകുന്നതിനാലാണു ഇങ്ങനെ കേരളത്തെ അപേക്ഷിച്ചു വിലക്കുറവിൽ മണ്ണെണ്ണ ലഭിക്കുന്നതെന്നു കോയമ്പത്തൂരിലെ റേഷൻ വ്യാപാരികൾ പറയുന്നു. കേരളത്തിൽ എല്ലാ കാർഡ് ഉടമകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലീറ്റർ മണ്ണെണ്ണ വീതമാണു നിലവിൽ നൽകുന്നത്. നേരത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മഞ്ഞ കാർഡിനു റോസ് കാർഡിനും ലഭിച്ചിരുന്ന മണ്ണെണ്ണ ഒരു ലീറ്റർ വീതമാണ്.